India

എസ് ഡിപിഐ ഇടപെടല്‍; ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 13 കാരന് മോചനം, നന്ദി പറഞ്ഞ് കുടുംബം

മാര്‍ക്കറ്റില്‍പോയ മകന്‍ ഏറെസമയം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പിതാവ് കത്തിഹാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കുട്ടിയെ കണ്ടെത്തുന്നതിന് പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാതായതോടെയാണ് പിതാവ് പ്രദേശത്തെ എസ് ഡിപിഐ പ്രവര്‍ത്തകരെ സഹായത്തിനായി സമീപിക്കുന്നത്.

എസ് ഡിപിഐ ഇടപെടല്‍; ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 13 കാരന് മോചനം, നന്ദി പറഞ്ഞ് കുടുംബം
X

പട്‌ന: ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 13 വയസുകാരന്റെ മോചനത്തിന് വഴിതെളിച്ചത് എസ് ഡിപിഐ പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടല്‍. ആഗസ്ത് 15നാണ് ബിഹാര്‍ കത്തിഹാര്‍ ജില്ലയിലുള്ള ഹസന്‍ഖഞ്ച് ഇന്ദുവായില്‍ മാര്‍ക്കറ്റില്‍ വച്ച് മുഹമ്മദ് മുഖീമി (13) നെ ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോവുന്നത്. വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായാണ് മുഹമ്മദ് മുഖീം മാര്‍ക്കറ്റിലെത്തുന്നത്. ഇവിടെ വാഹനത്തിലെത്തിയ രണ്ടുപേര്‍ ലഡു നല്‍കിയശേഷം കുട്ടിയെ വാഹനത്തില്‍ കയറ്റി. പിന്നീട് ബോധംകെടുത്തിയശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.


കുട്ടിയുമായി സംഘം പട്‌നയിലേക്കാണ് തിരിച്ചത്. അവിടെ ഹോട്ടലില്‍ ജോലി ചെയ്യുന്നതിന് ഉടമയ്ക്ക് സംഘം കുട്ടിയെ വില്‍ക്കുകയായിരുന്നു. മാര്‍ക്കറ്റില്‍പോയ മകന്‍ ഏറെസമയം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പിതാവ് കത്തിഹാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കുട്ടിയെ കണ്ടെത്തുന്നതിന് പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാതായതോടെയാണ് പിതാവ് പ്രദേശത്തെ എസ് ഡിപിഐ പ്രവര്‍ത്തകരെ സഹായത്തിനായി സമീപിക്കുന്നത്. ഉടന്‍തന്നെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ പട്‌നയിലുള്ള പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെടുകയും കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

മൂന്നുദിവസം ഹോട്ടലുകളെല്ലാം കയറിയിറങ്ങി തിരച്ചില്‍ നടത്തി. പട്‌നയിലെ പോലിസ് അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് എസ് ഡിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. അതിനിടെ, ജോലി ചെയ്യുന്ന ഹോട്ടലില്‍ പാല്‍ കൊണ്ടുവരുന്നയാളുടെ മൊബൈല്‍ വാങ്ങി കുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിച്ചത് അന്വേഷണത്തിന് വഴിത്തിരിവായി. ഉടന്‍തന്നെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പട്‌ന ജങ്ഷനിലുള്ള മാംഗ ഹോട്ടലിലാണ് കുട്ടിയുള്ളതെന്ന് വ്യക്തമായി.

ഉടമയെ ചോദ്യംചെയ്തപ്പോള്‍ കുട്ടിയെ സംഘത്തില്‍നിന്ന് വാങ്ങിയതാണെന്ന മറുപടിയാണ് കിട്ടിയത്. കുട്ടിയെ മോചിപ്പിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുടുംബത്തിന് കൈമാറുകയും ചെയ്തു. മൂന്നുദിവസം കഠിനപ്രയത്‌നം നടത്തി കുട്ടിയെ സുരക്ഷിതമായി തങ്ങളുടെ കൈകളിലേല്‍പ്പിച്ച എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്ക് കുടുംബം നന്ദിയും കടപ്പാടും അറിയിച്ചു. വിഷമഘട്ടത്തില്‍ തങ്ങളോടൊപ്പം നിന്ന് സഹായിച്ചതില്‍ ഏറെ നന്ദിയുണ്ടെന്ന് കുടുംബം പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖീമിനെ കൂടാതെ വേറെയും രണ്ടുകുട്ടികള്‍ അവിടെയുണ്ടായിരുന്നതായും കേസുമായി മുന്നോട്ടുപോവുമെന്നും എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു. കത്തിഹാര്‍ ജില്ലയില്‍ ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ലഹരി മാഫിയയ്ക്ക് കൈമാറുന്ന വന്റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുട്ടിയെ മോചിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച എസ് ഡിപിഐ പ്രവര്‍ത്തകനായ മുഹമ്മദ് ഷമീം പറഞ്ഞു.

Next Story

RELATED STORIES

Share it