India

പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം: എസ്ഡിപിഐ

പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തിലൂടെ പുറത്തുവന്ന കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സുരക്ഷാ പരാജയങ്ങളെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ശക്തമായി അപലപിച്ചു. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അനുമതിയില്ലാതെ ബൈസരന്‍ പുല്‍മേടുകള്‍ അനധികൃതമായി തുറന്നതും പഹല്‍ഗാമില്‍ 500 പേര്‍ ഉണ്ടായിരുന്നിട്ടും സുരക്ഷാ സേനയുടെ അഭാവവും, മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ പാലിക്കുന്നതില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടതും പ്രതിരോധിക്കാന്‍ കഴിയുമായിരുന്ന ദുരന്തത്തിന് കാരണമായി.

2025 ഏപ്രില്‍ 24-ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ ഈ വീഴ്ചകള്‍ സമ്മതിച്ചത് കേന്ദ്രത്തിന്റെ ഉത്തരവാദിത്ത രാഹിത്യം ബോധ്യപ്പെടുത്തുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന സ്ഥലത്ത് എത്താന്‍ 45 മിനിറ്റ് വൈകിയതിലൂടെ അധികാരികളുടെ നിസ്സംഗതയും അലംഭാവവും പ്രതിഫലിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികളെയും സുരക്ഷാ വീഴ്ചയും കണ്ടെത്തുന്നതിന് സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ട്.

പൊതുസുരക്ഷ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഉണ്ടാവണം. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ മധുബാനിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിലൂടെ ദേശീയ ഐക്യത്തേക്കാള്‍ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, ചൂഷണ അജണ്ട വ്യക്തമാക്കുകയും ചെയ്യുന്ന ബിജെപിയുടെ വിദ്വേഷകരമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ തുറന്നുകാട്ടുന്നു.



പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വര്‍ ആഗ്രയില്‍ ഒരു മുസ്ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതും, കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണവുമെല്ലാം മതേതര ഇന്ത്യക്കെതിരായ കയ്യേറ്റമാണ്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മുസ്ലിംകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കൊപ്പം ഹീനമായ വിദ്വേഷ പ്രചാരണങ്ങളും അരങ്ങേറുകയാണ്. ഉത്തരാഖണ്ഡില്‍, ഹിന്ദു രക്ഷാദളിന്റെ ഭീഷണി വിദ്യാര്‍ത്ഥികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഹിമാചല്‍ പ്രദേശില്‍, ആര്‍ണി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു. പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ അര്‍ദ്ധരാത്രി ഹോസ്റ്റലില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വാദികളുടെ സമ്മര്‍ദ്ദം മൂലം വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ചെയ്തു. ഉദ്വേഗജനകമായ തലക്കെട്ടുകള്‍ ഉപയോഗിച്ചുകൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ ഈ ആക്രമണത്തെ മതപരമായി അവതരിപ്പിക്കുകയും തെളിവില്ലാതെ കശ്മീരി മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുകൊണ്ട് ആക്രമണത്തിന് ഇന്ധനം നല്‍കി. ഇത്തരം ഉത്തരവാദിത്തരഹിതമായ റിപ്പോര്‍ട്ടിംഗും, പ്രകോപനപരമായ പ്രസംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ വിദ്വേഷപ്രചരണവും അക്രമമഴിച്ചുവിടാന്‍ തീവ്ര ഹിന്ദുത്വര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കി. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ മൗനവും പിടിപ്പുകേടും കശ്മീരികളും മുസ്ലിംകളും അപരവല്‍ക്കരിക്കപ്പെടാന്‍ കാരണമായി.ഇതോടെ വിഭജനരാഷ്ട്രീയ അജണ്ടക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തിയ കാന്‍ഡില്‍ മാര്‍ച്ചുകള്‍ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പാര്‍ട്ടിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പഹല്‍ഗാം ഇരകളെ അനുസ്മരിക്കാന്‍ മൂന്ന് ദിവസത്തേക്ക് വഖ്ഫ് സംരക്ഷണ കാംപയിന്‍ പോലുള്ള പൊതു പരിപാടികള്‍ റദ്ദാക്കിയ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളോടും മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തെ മുസ്ലിം സമൂഹത്തിനും അടിയന്തര സംരക്ഷണം നല്‍കാനും അക്രമത്തിന് പ്രേരിപ്പിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദ്വേഷ പ്രസംഗം നിയന്ത്രിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ധ്രുവീകരണം തടയാന്‍ റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കപ്പെടണം. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ മതേതര സമൂഹം ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് ഷറഫുദ്ദീന്‍ അഹമ്മദ് ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it