India

പ്രൊഫ. ഹാനി ബാബുവിനെതിരായ ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

പ്രൊഫ. ഹാനി ബാബുവിനെതിരായ ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍
X

കോഴിക്കോട്: ഭീമ കൊരേഗാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് പ്രൊഫ. ഹാനി ബാബുവിനെതിരേ പോലിസ് നടത്തുന്ന ഭരണകൂട വേട്ടയില്‍ പ്രമുഖ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹാനി ബാബുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ 50ലേറെ പേര്‍ ഒപ്പുവച്ചു.

പ്രസ്താവനയുടെ പൂര്‍ണ രൂപം

ഈ മാസം 10ന് രാവിലെ 6.30ന് ആണ് പുനെ പോലിസ് ഡല്‍ഹി നോയിഡയിലെ ഹാനി ബാബുവിന്റെയും ജെനി റൊവീനയുടെയും വസതിയില്‍ ഇരച്ചു കയറുകയും പരിശോധന നടത്തുകയും ചെയ്തത്. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ ഹാനി ബാബു ഭീമ കൊറെഗാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. സെര്‍ച്ച് വാറന്റോ മുന്നറിയിപ്പോ ഇല്ലാതെ അതിരാവിലെ വീട്ടില്‍ കയറി ആറു മണിക്കൂറോളമാണ് പോലിസ് തിരച്ചില്‍ തുടര്‍ന്നത്. മൂന്നു പുസ്തകങ്ങളും ലാപ്‌ടോപും ഫോണും ഹാര്‍ഡ് ഡിസ്‌കുകളും പെന്‍െ്രെഡവും എടുത്തു കൊണ്ടുപോയി.

ഭാഷാശാസ്ത്രത്തില്‍ ചോംസ്‌കിയന്‍ വ്യാകരണവുമായി ബന്ധപ്പെട്ട് സവിശേഷ പഠനം നടത്തിയ ഗവേഷകനാണ് പ്രൊഫസര്‍ ഹാനി ബാബു. ഭാഷാ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെ ഹാനി ബാബു നടത്തിയ ഗവേഷണ പഠനങ്ങളും അദ്ദേഹത്തിന്റെ നിരവധി സ്വകാര്യ രേഖകളും മറ്റു ഔദ്യോഗിക വിവരങ്ങളും മുഴുവന്‍ ഇപ്പോള്‍ പോലിസിന്റെ കൈയിലാണ്. അദ്ദേഹത്തിന്റെ നിത്യജീവിതത്തെയും തൊഴിലിനേയും അക്കാദമിക ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ഡല്‍ഹി സര്‍വകലാശാലയിലെ എസ്‌സി/എസ്ടി/ഒബിസി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്രസ്ഥാനത്തിന്റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഡിഗ്രിതലം മുതല്‍ ഗവേഷണതലം വരെ സംവരണം നടപ്പാക്കാന്‍ അദ്ദേഹം തന്റെ സംഘടനയിലൂടെ ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമൂഹിക നീതിക്കായുള്ള ഇത്തരം പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ ജനാധിപത്യപരമാണെന്നു കരുതാന്‍ കഴിയില്ല.

കേന്ദ്ര സര്‍ക്കാര്‍ യാതൊരു മാനദണ്ഡവും ഇല്ലാതെ വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും വേട്ടയാടാനും അങ്ങിനെ തങ്ങളുടെ സ്ഥാപിത രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനും പോലിസിനെ ഉപയോഗിക്കുകയാണ്. ഭീമ കൊറെഗാവ് സംഭവത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളവര്‍ മഹാരാഷ്ട്രയില്‍ വിലസുകയും എന്നാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത നിഷ്‌കളങ്കരായ അധ്യാപകര്‍ ഡല്‍ഹിയില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഖേദകരമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളതെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, ഇഫ്‌ലു തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും നിരവധി മനുഷ്യാവകാശ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ഈ ഭരണകൂട നടപടിക്കതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. സമര്‍പ്പിതനായ അധ്യാപകനാണ് അദ്ദേഹമെന്നു അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എഴുതി പുറപ്പെടുവിച്ച പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യാതൊരു മാനദണ്ഡവുമില്ലാതെ പോലിസ് നടത്തിയ ഈ റെയ്ഡ് പ്രൊഫ. ഹാനി ബാബുവിന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും തൊഴില്‍ സ്വാതന്ത്ര്യത്തെയും അക്കാദമിക സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഭരണകൂടത്തിന്റെയും പോലിസിന്റെയും തെറ്റായ നടപടികള്‍ക്കിരയാവുന്ന പ്രൊഫ. ഹാനി ബാബുവിനോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ബിആര്‍പി ഭാസ്‌കര്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, കെ കെ ബാബുരാജ്, കെ കെ കൊച്ച്, ഡോ. സുനില്‍ പി ഇളയിടം, ഡോ. കെ.എം ഷീബ, എന്‍ പി ചെക്കുട്ടി, കെ എച്ച് നാസര്‍ തുടങ്ങിയ 50ലേറെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it