India

സൗമ്യ വിശ്വനാഥന്‍ വധക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

സൗമ്യ വിശ്വനാഥന്‍ വധക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ
X

ഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സാകേത് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അജയ് സേഥിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

നഷ്ടമായത് മികച്ച മാധ്യമപ്രവര്‍ത്തകയെ എന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയെന്നും സ്ത്രീസുരക്ഷ പരമപ്രധാനമെന്നും കോടതി വിലയിരുത്തി. ശിക്ഷാവിധിയില്‍ സന്തോഷമെന്ന് സൗമ്യയുടെ കുടുംബം കോടതി വിധിയോട് പ്രതികരിച്ചു. 2008 സെപ്റ്റംബര്‍ 30-നാണ് ഡല്‍ഹിയില്‍ വച്ച് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈന്‍സ് ടുഡേ' ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.

ഒരു വര്‍ഷത്തിന് ശേഷം 2009 മാര്‍ച്ചില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് 2008 ല്‍ സൗമ്യയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. കവര്‍ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പോലിസ് പറയുന്നത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേഥി എന്നീ പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെ പേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തത്.




Next Story

RELATED STORIES

Share it