India

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള മെഡിക്കല്‍ (നീറ്റ്) ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ- മെയിന്‍) തുടങ്ങിയ പരീക്ഷകള്‍ നടത്താനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി.

ആഗസ്ത് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. കൊവിഡിന്റെ പേരില്‍ ജനജീവിതം തടഞ്ഞുവയ്ക്കാനാവില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാന്‍ കഴിയില്ലെന്നുമാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്. ഇരുപരീക്ഷകളും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ആദ്യ ഉത്തരവ്. ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ഹരജിയില്‍ ചേര്‍ന്നിരുന്നു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥി സമൂഹത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെഇഇ മെയിന്‍ ഏപ്രില്‍ 7-11 വരെ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇത് ജൂലായ് 18-23 ലേക്ക് മാറ്റി. പിന്നീട് സപ്തംബര്‍ 1-6 വരെ നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ജെഇഇ (അഡ്വാന്‍സ്ഡ്) സപ്തംബര്‍ 27ന് നടത്തും. മെയ് മൂന്നിന് നടത്താനിരുന്ന നീറ്റ് ആദ്യം ജൂലായ് 26 ലേക്കും പിന്നീട് സപ്തംബര്‍ 13ലേക്കും മാറ്റിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it