India

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും
X

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഴാഴ്ച വാദം കേള്‍ക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും സിപിഎം എംപി ജോണ്‍ ബ്രിട്ടാസും അഭിഭാഷകനായ എംഎല്‍ ശര്‍മയും സമര്‍പ്പിച്ച ഹരജികളാണ് സുപ്രിംകോടതി പരിഗണനയ്‌ക്കെടുക്കുന്നത്. പെഗസസ് സ്‌പൈവെയറിന് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം നടത്താന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹരജിക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. സര്‍ക്കാരുകള്‍ക്ക് മാത്രം വില്‍ക്കുന്ന ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ 142 ലധികം പേരെ നിരീക്ഷിക്കുന്നതായി തിരിച്ചറിഞ്ഞെന്ന് നിരവധി ആഗോള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍, രണ്ട് കേന്ദ്രമന്ത്രിമാര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, 40 പത്രപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. ജൂലൈ 19 ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗസസ് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നുണ്ട്. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രാന്വേഷണവും ചര്‍ച്ചയുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍, സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളുടെ അനധികൃത ഇടപെടലുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

നിര്‍ദിഷ്ട ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നത് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ അടിസ്ഥാനമോ സത്യവുമായോ ബന്ധമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. പാര്‍ലമെന്റ് തടസ്സപ്പെട്ടതിനാല്‍ 133 കോടിയിലധികം നികുതിദായകരുടെ പണം നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള 300 പേരുടെ ഫോണുകളുണ്ടെന്ന് ദി വയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it