India

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്
X

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ എ വി വേലുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്വന്തം മണ്ഡലമായ തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലുമായി ഇരുപതിടങ്ങളിലാണ് റെയ്ഡ് നടന്നത്. മുന്‍മന്ത്രിയയ എ വി വേലു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കുവേണ്ടി മല്‍സരിക്കുന്നുമുണ്ട്.

അദ്ദേഹത്തിനായി ഡിഎംകെ മേധാവി സ്റ്റാലിന്‍ പ്രചാരണത്തിനായി എത്തിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന. പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ചെന്നൈയിലും തിരച്ചില്‍ തുടരുകയാണെന്ന് ഡല്‍ഹിയിലെ ആദായനികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഞ്ചുതവണ നിയമസഭാംഗവും മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയുമായ വേലുവിന് വേണ്ടി പ്രചാരണത്തിനായി എം കെ സ്റ്റാലിന്‍ തിരുവണ്ണാമലയിലുണ്ട്.

ഇന്നലെ രാത്രി സ്റ്റാലിന്‍ താമസിച്ചിരുന്ന മിസ്റ്റര്‍ വേളു കോളജിലും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. ഡിഎംകെ മേധാവി എം കെ സ്റ്റാലിന്‍ താമസിച്ചിരുന്ന മുറിയില്‍ തിരച്ചില്‍ നടത്തിയതോടെ അവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായതായി ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ പറഞ്ഞു. ഒന്നും പിടിച്ചെടുത്തിട്ടില്ല. ഇതൊന്നും ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it