India

കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവ്

പോലിസ് നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. ഗദ്ദാം ലക്ഷ്മണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ ബുധനാഴ്ച പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്താന്‍ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭണ്ഡാരി- കോതഗുണ്ടം ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പോലിസിന്റെ വിശദീകരണം. എന്നാല്‍, പോലിസ് നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. ഗദ്ദാം ലക്ഷ്മണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇതിനകംതന്നെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ബി എസ് പ്രസാദ് കോടതിയെ അറിയിച്ചപ്പോള്‍, അത് വീണ്ടെടുത്ത് വാറങ്കല്‍ എംജിഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാവണം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കളില്‍നിന്ന് ഏറ്റെടുക്കാന്‍ ശ്രമം തുടരുകയാണെന്ന് ഭണ്ഡാരി- കോതഗുണ്ടം ജില്ലാ പോലിസ് സൂപ്രണ്ടും വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ഏഴുമണിയോടെ ചെര്‍ള ബ്ലോക്കിലെ ചെന്നപുരത്തെ വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലിസ് പറയുന്നു. പ്രദേശത്തെ മാവോവാദി സംഘത്തിന്റെ നീക്കത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. സോദി ജോഗയ്യ (25), മദകം മല്ലി (22), മദകം മംഗി (24) എന്നിവരാണ് പോലിസിന്റെ വെടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it