India

മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍... സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി പഠിച്ച് ഉണ്ണിത്താന്‍

അതേ സമയം, സത്യപ്രതിജ്ഞ മലയാളത്തില്‍ വേണോ ഇംഗ്ലീഷിലാക്കണോ എന്ന കണ്‍ഫ്യൂഷനിലാണ് കേരളത്തില്‍നിന്നുള്ള ഏക ഇടതംഗം എ എം ആരിഫ്.

മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍... സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി പഠിച്ച് ഉണ്ണിത്താന്‍
X

ന്യൂഡല്‍ഹി: പ്രഭാഷണ കലയില്‍ അഗ്രഗണ്യനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പക്ഷേ ലോക്‌സഭയിലെത്തുമ്പോള്‍ ഇത്തിരി വിയര്‍ക്കും. കന്നി എംപിയായി ലോക്‌സഭയുടെ പടിചവിട്ടുന്ന ഉണ്ണിത്താന് ഹിന്ദി വശമില്ലെന്നതു തന്നെ കാരണം. തുടക്കത്തില്‍ തന്നെ നാണംകെടരുതെന്ന് കരുതി ഹിന്ദി പഠിക്കുന്ന തിരക്കിലാണ് അദ്ദേഹം. അതേ സമയം, സത്യപ്രതിജ്ഞ മലയാളത്തില്‍ വേണോ ഇംഗ്ലീഷിലാക്കണോ എന്ന കണ്‍ഫ്യൂഷനിലാണ് കേരളത്തില്‍നിന്നുള്ള ഏക ഇടതംഗം എ എം ആരിഫ്.

കേരളഹൗസിലിരുന്ന് 'മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍...' എന്നുതുടങ്ങുന്ന സത്യപ്രതിജ്ഞ മലയാളത്തില്‍ എഴുതി ഉറക്കെ വായിച്ചു കാണാപാഠമാക്കുകയാണ് ഉണ്ണിത്താന്‍. മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലാമെന്നിരിക്കെ എന്തിനാണു ഹിന്ദിയെന്നു ചോദിച്ചപ്പോള്‍, ഇനി തട്ടകം ഡല്‍ഹിയല്ലേയെന്നാണു മറുപടി.

അഞ്ചുപതിറ്റാണ്ടത്തെ രാഷ്ട്രീയപരിചയമുള്ളതിനാല്‍ ആദ്യമായി പാര്‍ലമെന്ററി ജീവിതത്തിലേക്കു കടക്കുന്നതിന്റെ ആശങ്കയൊന്നും ഒരു നടന്‍ കൂടിയായ ഉണ്ണിത്താന്റെ മുഖത്തില്ല. ഭാര്യ സുധാകുമാരി, മക്കളായ അഖില്‍, അതുല്‍, അമല്‍ എന്നിവരും ഉണ്ണിത്താന് ഒപ്പമുണ്ട്. അതേ സമയം, ഷര്‍ട്ടും മുണ്ടും ധരിച്ച് സഭയിലെത്താനാണ് ആരിഫിന്റെ തീരുമാനം. ആ ന്യായത്തില്‍ സത്യപ്രതിജ്ഞയും മാതൃഭാഷയാക്കാമല്ലോ എന്നതാണ് ആരിഫിന്റെ തന്ത്രം. ഡല്‍ഹിയിലെ കൊടും ചൂട് ആരിഫിന് പ്രശ്‌നമല്ല. തണുപ്പാണ് സഹിക്കാന്‍ പറ്റാത്തത്. ഡല്‍ഹിയിലെ ഭാവി പരിപാടിയെന്തെന്നു ചോദിച്ചപ്പോള്‍ ഹിന്ദി പഠിക്കണമെന്നായിരുന്നു മറുപടി. ഭാര്യ ഡോ. ഷഹനാസും മക്കളായ സല്‍മാനും റിസ്‌വാനയും സത്യപ്രതിജ്ഞാച്ചടങ്ങു കാണാനെത്തിയിട്ടുണ്ട്.

വി കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴിക്കാടന്‍, അടൂര്‍ പ്രകാശ് എന്നിവരാണു ലോക്‌സഭയില്‍ കേരളത്തില്‍നിന്നുള്ള മറ്റു പുതുമുഖങ്ങള്‍.

Next Story

RELATED STORIES

Share it