India

യുപിയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അഴിമതിയാരോപണമുന്നയിച്ച ഖനി വ്യവസായി വെടിയേറ്റ് മരിച്ചു

സപ്തംബര്‍ ആദ്യം മഹോബയ്ക്ക് സമീപമുള്ള ദേശീയപാതയിലാണ് ത്രിപാഠിയെ സ്വന്തം ഓഡി കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ത്രിപാഠി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

യുപിയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അഴിമതിയാരോപണമുന്നയിച്ച ഖനി വ്യവസായി വെടിയേറ്റ് മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരേ ആരോപണമുന്നയിച്ച പ്രമുഖ ഖനി വ്യവസായി വെടിയേറ്റ് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ മണിലാല്‍ പഠിധറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ച വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയാണ് കാണ്‍പൂരിലെ ആശുപത്രിയില്‍ മരിച്ചത്. സപ്തംബര്‍ ആദ്യം മഹോബയ്ക്ക് സമീപമുള്ള ദേശീയപാതയിലാണ് ത്രിപാഠിയെ സ്വന്തം ഓഡി കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ത്രിപാഠി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

തലസ്ഥാനമായ ലഖ്നോവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ ബുന്ദേല്‍ഖണ്ഡിലെ പ്രമുഖ ഖനന മേഖലയായ മഹോബയിലാണ് മുന്‍ പോലിസ് മേധാവിയായിരുന്ന മണിലാല്‍ പഠിധറിനെതിരേ ആരോപണമുന്നയിച്ചുള്ള വീഡിയോ ത്രിപാഠി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. വൈറലായ വീഡിയോയില്‍ മണിലാല്‍ പഠിധര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതായും ത്രിപാഠി ആരോപിച്ചിരുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി മണിലാലായിരിക്കുമെന്നും ത്രിപാഠി മുന്നറിയിപ്പ് നല്‍കി.

ത്രിപാഠിയ്ക്ക് വെടിയേറ്റ് 24 മണിക്കൂറിനുള്ളില്‍തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ത്രിപാഠിയുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് വധശ്രമത്തിനും ഭീഷണിക്കും മണിലാലിനും മറ്റു രണ്ട് പോലിസുകാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍, മണിലാലിനെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ത്രിപാഠിക്കെതിരേ വെടിയുതിര്‍ത്തതാരാണെന്നോ എങ്ങനെയാണോ വെടിയേറ്റതെന്നോ വ്യക്തമായിട്ടില്ല. പഠിധറിനെ അറസ്റ്റുചെയ്യണമെന്ന് ത്രിപാഠിയുടെ സഹോദര്‍ കാണ്‍പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹം സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകള്‍ക്കും ഞങ്ങളുടെ കുടുംബത്തെ ഇനിയും ദ്രോഹിക്കാന്‍ കഴിയുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അഴിമതി ചൂണ്ടിക്കാട്ടിയ വ്യക്തിക്ക് നേരേ വെടിവയ്ക്കുന്ന നയമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും പ്രതിപക്ഷത്തിനെതിരേ വ്യാജ ഏറ്റുമുട്ടലുകളും വ്യാജ കേസുകളും സൃഷ്ടിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മണിലാല്‍ പഠിധര്‍.

Next Story

RELATED STORIES

Share it