India

നിയമസഭാ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
X

കൊല്‍ക്കത്ത: കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഉത്തര്‍ ദിനാജ്പൂര്‍, പൂര്‍ബ ബര്‍ധ്വാന്‍, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

വോട്ടെടുപ്പ് നടക്കുന്ന 10,897 പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങള്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആറാം ഘട്ടത്തില്‍ 306 സ്ഥാനാര്‍ഥികളാണ് അങ്കത്തട്ടിലുള്ളത്. വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതിക്ക് 72 മണിക്കൂര്‍ മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണ സമയം കുറച്ചിരുന്നു.

ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6.30 വരെയാണ്. കൊവിഡ് രോഗികള്‍ക്ക് അവസാനത്തെ മണിക്കൂറില്‍ വോട്ടുചെയ്യാവുന്നതാണ്. 1.03 കോടിയിലധികം വോട്ടര്‍മാര്‍ ആറാം ഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്താനെത്തും. 53.21 ലക്ഷം പുരുഷന്‍മാരും 50.65 ലക്ഷം സ്ത്രീകളും 256 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.

Next Story

RELATED STORIES

Share it