India

പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപന കാലാവധി ജൂണ്‍ 30 വരെ നീട്ടി

പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപന കാലാവധി ജൂണ്‍ 30 വരെ നീട്ടി
X

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടി. കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 30 വരെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടിയിരിക്കുന്നത്. കരട് വിജ്ഞാപനം 2014 മുതല്‍ വിവിധ ഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 31ന് അവസാനിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 30 നീട്ടുന്നു എന്ന് മാത്രമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡിസംബര്‍ 31നകം അന്തിമവിജ്ഞാപനം ഇറക്കണമെന്ന് ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളം ഉള്‍പ്പെടെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ചര്‍ച്ച നടത്തിയെങ്കിലും കരട് വിജ്ഞാപനത്തിന്റെ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകള്‍ ഉള്‍പ്പെടെ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയാവാത്തതാണ് കരടിന്റെ കാലാവധി വീണ്ടും നീട്ടിവയ്ക്കാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള വിശദീകരണം.

വിവിധ സംസ്ഥാനങ്ങള്‍ അന്തിമ റിപോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ല. നിലവില്‍ ഇഎസ്എ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. കേരളം നേരത്തേ സമര്‍പ്പിച്ച ഭേദഗതികളില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാവൂ എന്ന് നിര്‍ദേശിച്ചിരുന്നു. ഇഎസ്എയില്‍നിന്ന് 1337.24 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ പ്രദേശം ഇഎസ്എ നിയന്ത്രണങ്ങളില്ലാത്ത നോണ്‍ കോര്‍ ഏരിയയാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Next Story

RELATED STORIES

Share it