India

22 ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിചരണകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു

12,50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് കേന്ദ്രം. ഫാനും സിസിടിവി കാമറകളുമുണ്ട്. ഒരേസമയം ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കാനും സാധിക്കും. 500 കിടക്കകള്‍ വീതം ഉള്ള 20 മിനി ഹോസ്പിറ്റലുകളായിട്ടാണ് സജ്ജീകരിക്കുന്നത്.

22 ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിചരണകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു
X

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിചരണകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ദക്ഷിണ ഡല്‍ഹിയിലെ രാധാ സോമി സ്പിരിച്വല്‍ സെന്ററാണ് താല്‍ക്കാലിക കൊവിഡ് കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്നത്. 22 ഫുട്ബോള്‍ മൈതാനത്തിന്റെ വലുപ്പമുള്ള കേന്ദ്രത്തില്‍ പതിനായിരം കിടക്കകളാണ് ഒരുക്കുന്നത്. തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

12,50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് കേന്ദ്രം. ഫാനും സിസിടിവി കാമറകളുമുണ്ട്. ഒരേസമയം ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കാനും സാധിക്കും. 500 കിടക്കകള്‍ വീതം ഉള്ള 20 മിനി ഹോസ്പിറ്റലുകളായിട്ടാണ് സജ്ജീകരിക്കുന്നത്. കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള കിടക്കകളാണ് കൊവിഡ് കേന്ദ്രത്തിന്റെ പ്രത്യേകത. ഇത് സാനിറ്റൈസ് ചെയ്യേണ്ടതില്ല. കൂടാതെ, പുനരുപയോഗം നടത്താവുന്നതുമാണ്. 'വൈറസ് 24 മണിക്കൂറിലധികം കാര്‍ഡ്ബോര്‍ഡില്‍ നിലനില്‍ക്കില്ല. അതുകൊണ്ടുതന്നെ കിടക്കകള്‍ സാനിറ്റൈസ് ചെയ്യേണ്ടതില്ല. ലോഹം, പ്ലാസ്റ്റിക്, മരം എന്നിവയില്‍ വൈറസിന് അഞ്ചുദിവസംവരെ നിലനില്‍ക്കാന്‍ കഴിയും. ഈ കിടക്കകള്‍ ഭാരം കുറഞ്ഞതാണ്. യോജിപ്പിക്കാനും പൊളിച്ചുമാറ്റാനും എളുപ്പമാണ', കിടക്കകള്‍ നിര്‍മിക്കുന്ന ധവാന്‍ ബോക്സ് ഷീറ്റ്സ് കണ്ടെയ്നേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ വിക്രം ധവാന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്രമീകരണം. പത്തുശതമാനം കിടക്കകളില്‍ ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കും. എന്നാല്‍, വെന്റിലേറ്ററുകളുണ്ടായിരിക്കില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളിലേക്ക് മാറ്റും. ആംബുലന്‍സ് സേവനവും പരിശോധന നടത്താനായി ലബോറട്ടറിയും കൊവിഡ് കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായി കുറഞ്ഞത് 400 ഡോക്ടര്‍മാരെങ്കിലും ജോലിചെയ്യാന്‍ ഉണ്ടാവുമെന്നും സൗത്ത് ഡല്‍ഹി ജില്ലാ മജിസ്‌ട്രേറ്റ് ബി എം മിശ്ര കൂട്ടിച്ചേര്‍ത്തു. ഈ സൗകര്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ആശുപത്രികളില്‍ ഉപയോഗിക്കുന്ന മികച്ച ഇ-മാനേജുമെന്റ് സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായും മിശ്ര പറഞ്ഞു.

ജൂണ്‍ 30നകം കൊവിഡ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ശ്രമം. ഡല്‍ഹി സര്‍ക്കാരിന്റെ കണക്കനുസരിച്ച് ജൂലൈ അവസാനത്തോടെ തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷമായി ഉയര്‍ന്നേക്കും. രോഗികള്‍ക്കായി ഒരുലക്ഷത്തോളം കിടക്കകള്‍ വേണ്ടി വരുമെന്നും കരുതപ്പെടുന്നു. 20,000 അധിക കിടക്കകള്‍ ക്രമീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it