India

നിങ്ങളുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് മാറ്റാന്‍ കഴിയില്ല; യോഗിയെ വെല്ലുവിളിച്ച് ഉവൈസി

നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് നിങ്ങള്‍ (ജനങ്ങള്‍) ഉത്തരം നല്‍കണം. ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നുന്നില്ല, ഞങ്ങള്‍ പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഉവൈസി പരിഹസിച്ചു.

നിങ്ങളുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് മാറ്റാന്‍ കഴിയില്ല; യോഗിയെ വെല്ലുവിളിച്ച് ഉവൈസി
X

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്ന് ഉവൈസി തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാന്‍ പോവുന്നത്.

നഗരത്തിന്റെ പേരുമാറ്റാന്‍ ഒരുങ്ങുന്നവരുടെ പേരാണ് ആദ്യം മാറ്റാന്‍ പോവുന്നത്. ഞങ്ങള്‍ അലിയുടെ പേര് സംസാരിക്കും, ഞങ്ങള്‍ നിങ്ങളുടെ പേര് മാറ്റും. നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് നിങ്ങള്‍ (ജനങ്ങള്‍) ഉത്തരം നല്‍കണം. ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നുന്നില്ല, ഞങ്ങള്‍ പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഉവൈസി പരിഹസിച്ചു.

അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് ഹൈദരാബാദിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് യോഗി സംസാരിച്ചത്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചില ആളുകള്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു.

ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. നാലിന് ഫലം വരും. 150 വാര്‍ഡുകളിലാണ് പോരാട്ടം നടക്കുന്നത്.

Next Story

RELATED STORIES

Share it