Kerala

മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്‍ക്ക് വോട്ടവകാശം ; നയം പ്രഖ്യാപിച്ച് അന്‍വര്‍

മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്‍ക്ക് വോട്ടവകാശം ; നയം പ്രഖ്യാപിച്ച് അന്‍വര്‍
X

മലപ്പുറം : ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് നയം പ്രഖ്യാപിച്ചത്. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നത്. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും.

വിദ്യാഭ്യാസ വായ്പ ബാധ്യതകള്‍ എഴുതിത്തള്ളണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം, തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍, വിദ്യാഭ്യാസം സൗജന്യമാക്കണം, മേക്ക് ഇന്‍ കേരള പദ്ധതി ജനകീയമാക്കണം, വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം, അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര പാസ്, വയോജന ക്ഷേമ നയം, വയോജന വകുപ്പ് രൂപീകരണം, റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണം, വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം, എഫ്ഐആറുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്നും മാറ്റണം, ശബരിമലയുടെയും വഖഫ് ബോര്‍ഡിന്റെയും ഭരണം അതാത് മതവിശ്വാസികള്‍ അല്ലാത്തവര്‍ നിയന്ത്രിക്കുന്നതില്‍ അടിയന്തര മാറ്റം വേണം, കായിക സര്‍വകലാശാല നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളും നയരൂപീകരണ കരട് രേഖയില്‍ പറയുന്നു.





Next Story

RELATED STORIES

Share it