Kerala

വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വിഭവങ്ങള്‍ തയ്യാറാക്കാനുള്ള മസാലക്കൂട്ടുകള്‍ മറ്റൊരിടത്തു നിന്ന് തയ്യാറാക്കിയാണ് എത്തിക്കുന്നത്.

വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
X

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍സ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. 22 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഇതില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള പതിനഞ്ച് പേരുണ്ട്. ഏഴു പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി. ഇറച്ചിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു..

വിഭവങ്ങള്‍ തയ്യാറാക്കാനുള്ള മസാലക്കൂട്ടുകള്‍ മറ്റൊരിടത്തു നിന്ന് തയ്യാറാക്കിയാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പഴക്കവും മറ്റും നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പ്രാഥമിക നടപടിയെന്ന് നിലയില്‍ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു നടപടികള്‍ പിന്നാലെയുണ്ടാകുമെന്നാണ് ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയത്.






Next Story

RELATED STORIES

Share it