Kerala

നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ഹോം ക്വാറന്റൈനിലേക്ക് 241 പേര്‍; നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം

റെഡ് സോണുകളില്‍നിന്ന് അതിര്‍ത്തികടന്ന് എത്തിയ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചിരുന്ന നിരീക്ഷണകേന്ദ്രത്തില്‍ എത്തിയില്ലെന്നും അവരെ കണ്ടെത്താനായില്ലെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ഹോം ക്വാറന്റൈനിലേക്ക് 241 പേര്‍; നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം
X

കോട്ടയം: ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി കോട്ടയം ജില്ലയിലെ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 241 പേര്‍ ഹോം ക്വാറന്റൈനിലേക്ക്. ഞായറാഴ്ച രാവിലെ മുതലാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം കോട്ടയത്തെ നിരീക്ഷണകേന്ദ്രങ്ങളിലെത്തിയവരും നിര്‍ദേശം ലംഘിച്ച് വീട്ടിലേക്ക് പോയതിനുശേഷം ജില്ലാഭരണകൂടം കണ്ടെത്തി എത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്. റെഡ് സോണുകളില്‍നിന്ന് അതിര്‍ത്തികടന്ന് എത്തിയ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചിരുന്ന നിരീക്ഷണകേന്ദ്രത്തില്‍ എത്തിയില്ലെന്നും അവരെ കണ്ടെത്താനായില്ലെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

ചെക്ക്‌പോസ്റ്റുകള്‍ വഴി ജില്ലയിലെത്തിയ എല്ലാവരെയും കൊറോണ കണ്‍ട്രോള്‍ സെല്ലില്‍നിന്ന് ബന്ധപ്പെടുകയും ഇവര്‍ വീടുകളിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ നിരീക്ഷണകേന്ദ്രത്തില്‍ താമസിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇവരെ തിരികെ നിരീക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കേണ്ട സാഹചര്യമില്ല. അതേസമയം, ഇവര്‍ ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയേണ്ടത് 14 ദിവസമാണ്. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും- കലക്ടര്‍ വ്യക്തമാക്കി.

കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ വഴിയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നതിന് പാസുകള്‍ നല്‍കുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ നാട്ടിലെത്തുന്ന വിവരം പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിക്കും. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനൊപ്പം അപേക്ഷകന്റെ വിവരങ്ങള്‍ പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും കൈമാറും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് അപേക്ഷ അന്തിമമായി അംഗീകരിക്കുന്നത്.

അപേക്ഷകനെത്തുന്നതിനു മുമ്പുതന്നെ വീട്ടില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി താമസിക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉറപ്പാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ അപേക്ഷകന്റെ വീട്ടിലെത്തി ക്വാറന്റൈന്‍ നടപടികള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കും. ക്വാറന്റൈനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത്, റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കും. അപേക്ഷകര്‍ ചെക്ക്‌പോസ്റ്റ് കടക്കുമ്പോള്‍ വെബ്‌സൈറ്റില്‍നിന്നും ആ വിവരം കലക്ടറേറ്റിലും പഞ്ചായത്തിലും അറിയാന്‍ കഴിയും.

വീട്ടിലെത്തിയശേഷം പഞ്ചായത്തിലോ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലോ ഫോണ്‍ മുഖേന ബന്ധപ്പെടണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ്തല നിരീക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലെത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. ചെക്ക്‌പോസ്റ്റുകള്‍ കടന്നവര്‍ 1,229 പേരാണ്. 2008 പേര്‍ക്കാണ് ഇതുവരെ പാസുകള്‍ നല്‍കിയത്. 1,109 അപേക്ഷകളാണ് ഇനി പരിഗണിക്കാനുള്ളത്. വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ വന്നവര്‍: ആര്യങ്കാവ്- 108, ഇഞ്ചിവിള- 27, കുമളി- 395, മഞ്ചേശ്വരം-129, മുത്തങ്ങ-53, വാളയാര്‍- 517.

Next Story

RELATED STORIES

Share it