Kerala

അമ്മ മനസ്സിനും കനിവ് വറ്റുന്നുവോ...?; ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിശുക്ഷേമസമിതിക്കു നല്‍കിയ കുഞ്ഞുങ്ങളുടെ കണക്കാണിത്.

അമ്മ മനസ്സിനും കനിവ് വറ്റുന്നുവോ...?; ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍
X

കോഴിക്കോട്: അമ്മ മനസ്സിന്റെ നന്‍മയെ കുറിച്ച് അനുഭവങ്ങളും വാഴ്ത്തുപാട്ടുകള്‍ നിരവധിയാണ്. കനിവിന്റെ ഉറവിടമായി കരുതപ്പെടുന്ന അമ്മമാര്‍ നൊന്തുപെറ്റ മക്കളെ ഉപേക്ഷിക്കാന്‍ മാത്രം എന്താണു സംഭവിക്കുന്നത്. ജീവിതസാഹചര്യം മൂലവും പല കാരണങ്ങള്‍ കൊണ്ടും പിഞ്ചുകുഞ്ഞുങ്ങളെ പോലും ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം കേരളത്തിലും കൂടിവരുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ മാത്രം അമ്മമാര്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിശുക്ഷേമസമിതിക്കു നല്‍കിയ കുഞ്ഞുങ്ങളുടെ കണക്കാണിത്. കുടുംബപ്രശ്‌നങ്ങളും വളര്‍ത്താനാകാത്ത സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി ദമ്പതികള്‍ തനിച്ചും കൂട്ടായും കൈമാറിയതും വിവാഹിതരല്ലാത്ത അമ്മമാര്‍ പേരും വിലാസവും അറിയിച്ച് കൈമാറിയതുമായ കുഞ്ഞുങ്ങളുടെ എണ്ണം 380 ആണ്. എന്നാല്‍, 110 കുഞ്ഞുങ്ങളെ അമ്മമാര്‍ കൈമാറിയത് പേരും വിലാസവും വെളിപ്പെടുത്താതെയാണ്. 77 കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്നാണു കണ്ടെത്തിയത്. ഈ 187ല്‍ 95 ആണ്‍കുഞ്ഞുങ്ങളും 92 പെണ്‍കുഞ്ഞുങ്ങളുമാണ്. അവിവാഹിത അമ്മമാരാണു കൂടുതലായും അമ്മത്തൊട്ടിലിനെ ആശ്രയിക്കുന്നതെന്നാണു നിഗമനം. പ്രസവത്തിനിടെ തന്നെ കൊലപ്പെടുത്തുകയോ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുകയോ ചെയ്യുന്നതും ഇതിനു പുറമെയാണെന്നുകൂടി കാണുമ്പോഴാണ് അമ്മമാരുടെ മനസ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറുകയാണോയെന്നു സംശയിക്കപ്പെടുന്നത്.

2017ല്‍ അമ്മത്തൊട്ടിലില്‍ 28 കുട്ടികളെയും 2018ല്‍ 18 കുട്ടികളെയുമാണു ലഭിച്ചിരുന്നത്. നാലു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തിട്ടുണ്ട്. 2017ലെ ദത്തെടുക്കല്‍ നിയന്ത്രണചട്ടം അനുസരിച്ച് തനിച്ചു താമസിക്കുന്ന സ്ത്രീകള്‍ക്കു ദത്തെടുക്കാം. ഏകരക്ഷിതാവായെത്തുന്ന പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. അതോടൊപ്പെ തന്നെ സംസ്ഥാനത്ത് 1250 ദമ്പതികളാണ് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാമെന്നാണു ചട്ടം. 45-50 പ്രായക്കാര്‍ക്ക് 4-8 വയസ്സുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്ക് 8-18 വയസ്സുള്ള കുട്ടികളെയുമാണു ദത്തെടുക്കാനാവുക. ജീവിത സാഹചര്യം കണക്കിലെടുത്ത് മക്കളെ അമ്മമാര്‍ ഉപേക്ഷിക്കുന്നത് കൂടിവരികയാണെന്ന സത്യം മലയാളികളെയെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്.




Next Story

RELATED STORIES

Share it