Kerala

മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.

മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
X

മലപ്പുറം: സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണി. മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.

പനിയും ശരീരവേദനയെയും തുടര്‍ന്ന് മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ചെള്ളു പനി സ്ഥിരീകരിച്ചത്. ചികിത്സക്കിടെ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് മരണം.

ഭാര്യ: സുലൈഖ (ഓടായിക്കല്‍). മക്കള്‍: ഷിഫാനത്ത്, ഷാദിയ, ഉവൈസ്. മരുമക്കള്‍: സമീര്‍ (പന്നിപ്പാറ), അര്‍ഷാദ് (മുക്കട്ട). സഹോദരങ്ങള്‍: അലി, ഇസ്മാഈല്‍, സിദ്ദീഖ്, ആസ്യ(മമ്ബാട്), മൈമൂനത്ത് (കല്ലിടുമ്ബ്), അസ്മാബി (വടപുറം), സുബൈദ (പുല്ലോട്). അടുത്തിടെയായി ചെള്ളുപനി ബാധിച്ചു മലപ്പുറത്തു രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചെള്ളുപനി എങ്ങിനെ ഉണ്ടാകുന്നു

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ്. ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളില്‍ കടന്നുകൂടുന്നു. പുനരുത്പാദനം നടത്തി ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം പ്രത്യക്ഷപ്പെടും. പത്ത് ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.

രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു. ചെള്ള് കടിച്ചാല്‍ ന്യൂമോണിറ്റിസ്, എന്‍സെഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിലാണ് കാണാന്‍ കഴിയുന്നത്. രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍. ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല. രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Next Story

RELATED STORIES

Share it