Kerala

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ഐഎഎസുകാരനെതിരേ നടപടി വേണം: കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ഐഎഎസുകാരനെതിരേ നടപടി വേണം: കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐഎഎസ് ഉദ്യാഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരേ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്.

വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരേ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

KUWJ against IAS officer N Prashanth


Next Story

RELATED STORIES

Share it