Kerala

സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് നീക്കം; ചുമതലകളില്‍ നിന്ന് നീക്കും

സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് നീക്കം; ചുമതലകളില്‍ നിന്ന് നീക്കും
X

കൊച്ചി:പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെ ഉടന്‍ നടപടിക്ക് നീക്കം. ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കാനാണ് ആലോചന. എംഎല്‍എ പി വി അന്‍വറുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാനുള്ള നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംസ്ഥാന പോലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചര്‍ച്ച.

സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആലോചനയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആര്‍ അജിത് കുമാര്‍, എസ് ശശിധരന്‍ എന്നിവരെയും സംഭാഷണത്തിനിടെ സുജിത് ദാസ് അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. കേസില്‍ നിന്ന് ഒഴിവാകാന്‍ എംഎല്‍എയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നാണക്കേടാണെന്നാണ് വിലയിരുത്തല്‍.

മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു. വിവാദങ്ങള്‍ക്കിടെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്.






Next Story

RELATED STORIES

Share it