Kerala

കോട്ടയം ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു; ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത് 3.05 കോടി

ജില്ലയിലെ അഞ്ചുതാലൂക്കുകളിലെ അദാലത്തുകളില്‍ അപേക്ഷ നല്‍കിയ 2,685 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി ആകെ 3,05,36,000 രൂപ അനുവദിച്ചു.

കോട്ടയം ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു; ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത് 3.05 കോടി
X

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാരസംവിധാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിവന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തുകള്‍ സമാപിച്ചു. അവസാന അദാലത്ത് ഇന്നലെ വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രിമാരായ പി തിലോത്തമന്‍, ഡോ. കെ ടി ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ അഞ്ചുതാലൂക്കുകളിലെ അദാലത്തുകളില്‍ അപേക്ഷ നല്‍കിയ 2,685 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി ആകെ 3,05,36,000 രൂപ അനുവദിച്ചു.

വൈക്കം താലൂക്കില്‍നിന്ന് ലഭിച്ച 842 അപേക്ഷകളില്‍ 86,61,000 രൂപയാണ് അനുവദിച്ചത്. തുക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡിനുവേണ്ടി 500 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 341 പേര്‍ക്ക് കാര്‍ഡ് നല്‍കി. വൈക്കം താലൂക്കില്‍ അപേക്ഷ നല്‍കിയ 103 പേരില്‍ 88 പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട 6287 അപേക്ഷകളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍നിന്നായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 5,182 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു.

ശേഷിക്കുന്നവയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി നടത്തിയ അദാലത്തിന്റെ ഏകോപനച്ചുമതല ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനായിരുന്നു. ജില്ലാ കലക്ടര്‍ എം അഞ്ജനയും പരാതികള്‍ സ്വീകരിക്കുന്നതില്‍ പങ്കുചേര്‍ന്നു. സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എഡിഎം ആശ സി ഏബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it