Kerala

ഏറെ സന്തോഷവും ആശ്വാസവും; കുഞ്ഞിനെ നേരില്‍ക്കണ്ട് അനുപമയും അജിത്തും

ഏറെ സന്തോഷവും ആശ്വാസവും; കുഞ്ഞിനെ നേരില്‍ക്കണ്ട് അനുപമയും അജിത്തും
X

തിരുവനന്തപുരം: തന്നില്‍നിന്ന് പറിച്ചെടുത്തുമാറ്റിയ കുഞ്ഞിനെ വീണ്ടും നേരില്‍ക്കണ്ട് അനുപമ എസ് ചന്ദ്രന്‍. കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിയാണ് അനുപമ കുട്ടിയെ കണ്ടത്. കുഞ്ഞിനെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉടനെ കൈയില്‍ കിട്ടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പ്രതികരിച്ചു. അനുപമയ്‌ക്കൊപ്പം ഭര്‍ത്താവ് അജിത്തുമുണ്ടായിരുന്നു. ഡിഎന്‍എ പരിശോധയില്‍ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയില്‍ മൂന്നുപേരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ സിഡബ്ല്യുസില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് അനുപമയും അജിത്തും കുഞ്ഞിനെ കാണാനെത്തിയത്.

സമരപ്പന്തലില്‍നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് അനുപമയും അജിത്തും പോയത്. കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതില്‍ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് സിഡബ്ല്യുസിയില്‍നിന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. പരിശോധന ഫലത്തില്‍ അട്ടിമറി നടന്നേക്കുമെന്ന് ഭയമുണ്ടായിരുന്നു. അതിന് കാരണം ഇവരില്‍നിന്നൊക്കെ ഉണ്ടായ അനുഭവങ്ങളാണ്. സാധാരണ ഒരുമിച്ച് എടുക്കുന്ന സാംപിള്‍ വ്യത്യസ്തമായെടുത്തപ്പോള്‍ ഭയം കൂടി.

എന്നാല്‍, ഫലം അനുകൂലമായതില്‍ സമാധാനമുണ്ട്, സന്തോഷമുണ്ട്. ഒരാവശ്യമാണ് കുഞ്ഞ്, മറ്റ് ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കി, നിയമനടപടി എടുക്കണമെന്നു തന്നെയാണ് ആവശ്യം. അതുവരെ സമരം തുടരും. കുഞ്ഞിനെ കൈയില്‍ കിട്ടുന്നത് വരെ സമര മുറ ഇങ്ങനെ തന്നെ തുടരും. പിന്നീട് സമരമുറ മാറ്റുമെങ്കിലും സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും അവര്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനയുടെ ഫലം ഇതുവരെ ഔദ്യോഗികമായി ലഭിച്ചില്ല. ഫലം ഔദ്യോഗികമായി ലഭിക്കാനായി സിഡബ്യുസിയുമായി ബന്ധപ്പെടും. ഒരുവര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്.

ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. ജഗതിയിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്‌നോളജിയിലാണ് ഡിഎന്‍എ പരിശോധന നടന്നത്. ഫലം പോസിറ്റീവായതിനാല്‍ നിയമോപദേശം തേടിയശേഷം ശിശുക്ഷേമസമിതി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it