Kerala

രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള ആദരം ഏറ്റു വാങ്ങി സജികുമാര്‍

ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ വി എസ് സജികുമാര്‍ നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്നത്. 29 വര്‍ഷമായി അധ്യാപന രംഗത്തുള്ള സജികുമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയാ വിദ്യാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള ആദരം ഏറ്റു വാങ്ങി സജികുമാര്‍
X

ആലപ്പുഴ : വിദ്യാര്‍ഥികള്‍ക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകര്‍ന്ന സജികുമാറിന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നല്‍കി. കൊവിഡന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു രാഷ്ട്രപതി രാജ്യത്തെ മികച്ച 47 അധ്യാപകര്‍ക്ക് ദേശീയ പുരസ്‌ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചത്. ആലപ്പുഴ കലക്ടറേറ്റില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ സജ്ജീകരിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സജികുമാര്‍ രാഷ്ട്രപതിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എ. അലക്സാണ്ടറും അദ്ദേഹത്തെ അനുമോദനം അറിയിച്ചു.

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ധന്യ. ആര്‍ കുമാര്‍, നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.സജികുമാറിനെത്തേടി ദേശീയ പുരസ്‌കാരം എത്തുമ്പോള്‍ ആലപ്പുഴക്കും അഭിമാന നിമിഷമായി മാറി. ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ വി എസ് സജികുമാര്‍ നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്നത്. 29 വര്‍ഷമായി അധ്യാപന രംഗത്തുള്ള സജികുമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയാ വിദ്യാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


'സംഗീതം, ശബ്ദമിശ്രണം, ശില്‍പ നിര്‍മ്മാണം, എന്നിങ്ങനെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലും ഈ കലാധ്യാപകന്‍ നടത്തിയ നിരന്തര ഇടപെടലുകളും പരീക്ഷണങ്ങളും, കഠിനാദ്ധ്വാനവും, കലാപഠനത്തിന് നല്‍കിയ സമഗ്ര സംഭാവനകളുമാണ് ദേശീയ പുരസ്‌കാരത്തിന്റെ നിറവിലേക്ക് സജിയെ എത്തിച്ചത്. വിവിധ വിദ്യാലയങ്ങളിലായി 20 ല്‍ പരം സിമന്റ് ശില്‍പങ്ങളും, ഭാരതീയ പരമ്പരാഗത ചിത്രകലകള്‍ കുട്ടികളിലും സമൂഹത്തിലും പരിചയപ്പെടുത്തുത്തുന്നതിനായി 2000 ല്‍ അധികം ചതുരശ്ര അടിയില്‍ വിവിധ വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ഭാരതീയ ചുവര്‍ ചിത്രപാരമ്പര്യങ്ങളായ പിതോറ, വേര്‍ളി, മധുബാനി, ഗോംഡ്, പഹാട്, കലംകാരി തുടങ്ങിയവയെല്ലാം വിദ്യാഥികളുടെ സജീവ പങ്കാളിത്തത്തോടെ ഈ അധ്യാപകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാവേലിക്കര രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പഠനത്തിന് ശേഷം, കലാധ്യാപകനായി 1990 മുതല്‍ ആന്‍ഡമാന്‍, മിനിക്കോയി, മലപ്പുറം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ നവോദയാ വിദ്യാലയങ്ങളിലെ കലാധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സജികുമാര്‍ ഇപ്പോള്‍ മാവേലിക്കര ചെന്നിത്തല, ജവഹര്‍ നവോദയ വിദ്യാലത്തില്‍ കലാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നത്.'കേന്ദ്ര , കേരള ലളിതകലാ അക്കാദമിയിലെ സമകാലീന കലാകാര കൂട്ടായ്മയിലും സജീവ സാന്നിധ്യമാണ്' കൊട്ടാരക്കര വെട്ടിക്കവല ലീനാ നിവാസില്‍ ടി കെ ശ്രീധരന്റെയും ലീനയുടെയും മകനായ സജികുമാര്‍. 'ബിജിയാണ് ഭാര്യ. ശ്രുതി, വിശ്വജിത്ത് എന്നിവര്‍ മക്കളും.

വെട്ടിക്കവല ഗവ: മോഡല്‍ എച് എസില്‍ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്ന പിതാവായ ടി കെ ശ്രീധരന്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായിരുന്നു.കലാപഠനത്തിലൂടെ സമൂഹ മനസ്സില്‍ ശാന്തിയും സമാധാനവും സൃഷ്ടിക്കാനാവുമെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ചു അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ മാത്രമേ അവര്‍ ഉയരങ്ങളിലേക്ക് എത്തുകയുള്ളുവെന്നും എന്നാണ് ഈ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഈ അധ്യാപക ദിനത്തില്‍ സജികുമാര്‍ നല്‍കുന്ന സന്ദേശം.

Next Story

RELATED STORIES

Share it