Big stories

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭേദഗതി; ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭേദഗതി; ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭേദഗതി. 'ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്' (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതിക കൊവിഡ് ബാധ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് മാറ്റി എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍.

പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂര്‍ണ ലോക്ക് ഡൗണുള്ള പ്രദേശങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. കടകളിലും മറ്റും പോവാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരുംതന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നലെ തൃശൂരിലും മലപ്പുറത്തും മൂവായിരത്തിന് മുകളിലായിരുന്നു രോഗികള്‍. മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലും അഞ്ച് ജില്ലകളില്‍ ആയിരത്തിന് മുകളിലുമാണ് രോഗബാധിതര്‍. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാവും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാവും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ കൂടി പങ്കെടുത്തുകൊണ്ടാവും യോഗം.

Next Story

RELATED STORIES

Share it