Kerala

അറക്കല്‍ ജോയി ഇനി കണ്ണീരോര്‍മ്മ; മാതാവിന്റെ കല്ലറക്കരികെ അന്ത്യ വിശ്രമം

ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് വീണാണ് ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചിരുന്നു.

അറക്കല്‍ ജോയി ഇനി കണ്ണീരോര്‍മ്മ;  മാതാവിന്റെ കല്ലറക്കരികെ അന്ത്യ വിശ്രമം
X

പിസി അബ്ദുല്ല

കല്‍പറ്റ: അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരുമൊക്കെ നല്ലതുമാത്രം പറയുന്ന മനുഷ്യ സ്‌നേഹി. അവര്‍ക്കാര്‍ക്കും പക്ഷേ,അറക്കല്‍ ജോയിയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്കു കാണാനായില്ല. ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായ പ്രമുഖന്‍

ജോയി അറയ്ക്കലിന്റെ മൃതദേഹം കടുത്ത പോലിസ് നിയന്ത്രണങ്ങളോടെ മാനന്തവാടിയില്‍ സംസ്‌കരിച്ചു.മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍രാവിലെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ . പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ പാലസില്‍ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍ ജോയി, ആഷ്‌ലിന്‍ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

രാവിലെ ജില്ലാ ഭരണകൂടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 20 പേര്‍ മാത്രമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഏഴുമണിയോടെ ഏതാനും വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മാതാവിന്റെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. എട്ടുമണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ കാര്‍മികത്വം വഹിച്ചു. എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ അറക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചന്‍ ആന്റണി റീത്ത് സമര്‍പ്പിച്ചു.

ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് വീണാണ് ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ വൃത്തങ്ങള്‍ പറയുന്നു.

പെട്രോള്‍ വിലയിടവില്‍ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായി. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വിവാദ വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. ജോയിയില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയ ശേഷം ഇയാള്‍ ചതിച്ചുവെന്നാണ് ചില കേന്ദ്രങ്ങള്‍ പുറത്തു വിടുന്ന സൂചനകള്‍.

എംകോമും സിഎ ഇന്ററും പാസായി 1997ല്‍ ദുബായില്‍ എത്തിയ ജോയി, ക്രൂഡ് ഓയില്‍ വ്യാപാരം, പെട്രോ കെമിക്കല്‍ ഉല്‍പന്ന നിര്‍മാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇതിനു പുറമെ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകള്‍ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്.

പുതിയ എണ്ണശുദ്ധീകരണ കമ്പനി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്‌റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികള്‍ ഉണ്ട്.

വന്‍കിട നിക്ഷേപകര്‍ക്കു യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കപ്പല്‍ വാങ്ങിയതോടെ 'കപ്പല്‍ ജോയി' എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാല്‍ 500 മെട്രിക് ടണ്ണിന്റെ കപ്പല്‍ രണ്ടു വര്‍ഷം മുന്‍പു കൈമാറി. ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവര്‍ക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

Next Story

RELATED STORIES

Share it