Kerala

അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. പരേതനായി സി പി കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകള്‍ ആദിരാജ ഖദീജ സോഫിയയാണ്.

അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു
X

കണ്ണൂര്‍: അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംകുന്നിലെ 'ഇശലില്‍' ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. പരേതനായി സി പി കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകള്‍ ആദിരാജ ഖദീജ സോഫിയയാണ്. കഴിഞ്ഞ വര്‍ഷം ജൂണ് 26ന് സഹോദരിയും, 38മത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറക്കല്‍ സുല്‍ത്താനയായി സ്ഥാനം ഏറ്റെടുത്തത്.

1932 ആഗസ്റ്റ് 3ന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി ജനിച്ചത്. അറക്കല്‍ രാജ വംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന പരേതരായ ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്.

കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

ഇന്ന് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌കാര ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യസ് അഹമദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it