Kerala

കസ്റ്റഡി മരണം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

കസ്റ്റഡി മരണം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
X

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റ‍ഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. നെടുങ്കണ്ടത്ത് രാജ്കുമാർ പോലിസ് മർദ്ദനത്തിൽ മരിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവറായ ഹക്കീം കസ്റ്റഡി മർദ്ദനത്തിന് വിധേയമായ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ഇടുക്കി എസ്‍പിയെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെല്ലാം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിയാൽപ്പോരാ, എസ്‍പിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സാധാരണ പോലിസുകാരിൽ നടപടി ഒതുക്കി ഇടുക്കി എസ്‍പിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോപണ വിധേയനായ എസ്‍പിയുമായി മന്ത്രി എം എം മണി വിവാഹവീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. എസ്പിയെ സംരക്ഷിക്കാൻ മണി ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും പോലിസിലെ അരുതായ്മകള്‍ കണ്ടെത്തി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. രാജ്കുമാർ, ഹക്കീം കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. എന്നാൽ, പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന്റെ പ്രസംഗം സ്പീക്കർ നിയന്ത്രിച്ചതിനെ ചൊല്ലി പ്രതിപക്ഷവും സ്പീക്കറും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ഭരണപക്ഷ അംഗങ്ങൾ കൂടി ഇടപെട്ടതോടെ സഭ അൽപനേരം പ്രക്ഷുബ്ദമായി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്നാണ് സഭ നിയന്ത്രിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രഖ്യാപനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും നടപടി ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഖാദർ കമ്മിറ്റി റിപോർട്ടിനെതിരേ സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു മാർച്ചിനിടെയുണ്ടായ പോലിസ് നടപടിക്കെതിരെയും സഭയില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പോലിസിനെതിരെ മുദ്രാവാക്യം മുഴക്കി. പോലിസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാൻ സ്പീക്കര്‍ അനുമതി നല്‍കി.

Next Story

RELATED STORIES

Share it