Kerala

മുത്തൂറ്റ് എം ഡി ക്കു നേരെ ആക്രമണം:സമരം പൊളിക്കന്‍ മാനേജ്‌മെന്റ് ബോധപൂര്‍വം ശ്രമിക്കുന്നു; ആക്രമണത്തില്‍ സിഐ ടിയുവിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി

തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ്, ഹൈക്കോടതിയേയും സര്‍ക്കാരിനെയും വെല്ലുവിളിക്കുകയാണെന്നും ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള കേസിനെ സ്വാധീനിക്കാനാണ് പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മാനേജ്മെന്റ് സംഘര്‍ഷമുണ്ടാക്കുന്നത്. അതിക്രമങ്ങള്‍ സിഐടിയുവിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കുംവരെ ജീവനക്കാരുടെ സമരത്തിന് പിന്തുണ നല്‍കുമെന്നും സി കെ മണിശങ്കര്‍ വ്യക്തമാക്കി

മുത്തൂറ്റ് എം ഡി ക്കു നേരെ ആക്രമണം:സമരം പൊളിക്കന്‍ മാനേജ്‌മെന്റ് ബോധപൂര്‍വം ശ്രമിക്കുന്നു; ആക്രമണത്തില്‍ സിഐ ടിയുവിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി
X

കൊച്ചി:ഹൈക്കോടതി നിര്‍ദേശവും അവഗണിച്ച് അന്യായമായി പിരിച്ചുവിട്ടതിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തുന്ന സമരത്തെ പൊളിക്കാന്‍ മാനേജ്മെന്റ് ബോധപൂര്‍വം അക്രമം അഴിച്ചുവിടുകയാണെന്ന് സിഐടിയു ജില്ലാ കമ്മിറ്റി. മുത്തൂറ്റ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടറിന്റെ കാറിന് കല്ലെറിഞ്ഞതില്‍ സിഐടിയുവിന് പങ്കില്ലെന്നും യൂനിയന്‍ ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ വ്യക്തമാക്കി.മിനിമം വേതനം ഉള്‍പ്പെടെ ന്യായമായ ആവശ്യങ്ങളുന്നയിച്ച് 2017 മുതല്‍ മുത്തൂറ്റ് ജീവനക്കാര്‍ സമരത്തിലാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആ വര്‍ഷം 36 ദിവസമാണ് ജീവനക്കാര്‍ പണിമുടക്കിയത്. ചര്‍ച്ച നടത്തി കരാറുണ്ടാക്കിയാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ 2019 വരെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റേയും ലേബര്‍ കമ്മീഷണറുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലും മാനേജ്മെന്റ് പങ്കെടുത്തില്ല.

കഴിഞ്ഞ വര്‍ഷം 51 ദിവസത്തെ പണിമുടക്കാണ് നടത്തിയത്. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിച്ചു. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്നും സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു.കരാര്‍ പാലിക്കാത്ത മാനേജ്മെന്റ്, 43 ബ്രാഞ്ചുകള്‍ പൂട്ടുകയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ യൂനിയന്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ 166 പേരെ പിരിച്ചുവിട്ടു. തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ്, ഹൈക്കോടതിയേയും സര്‍ക്കാരിനെയും വെല്ലുവിളിക്കുകയാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ സമാധാനപരമായാണ് എറണകുളത്തെ ഹെഡ് ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. ഇന്നലെ മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം ഗുണ്ടകളുടെ സഹായത്തോടെ ഒരുപറ്റമാളുകള്‍ ഓഫീസില്‍ കയറാന്‍ ശ്രമിച്ചു. ഇതിനെ സമരക്കാര്‍ ചെറുത്തു. പോലിസ് സഹായത്തോടെ മാനേജ്മെന്റ് അനുകൂലികള്‍ ഓഫിസില്‍ കയറി. ഹൈക്കോടതിയിലുള്ള കേസിനെ സ്വാധീനിക്കാനാണ് പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മാനേജ്മെന്റ് സംഘര്‍ഷമുണ്ടാക്കുന്നത്. അതിക്രമങ്ങള്‍ സിഐടിയുവിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കുംവരെ ജീവനക്കാരുടെ സമരത്തിന് പിന്തുണ നല്‍കുമെന്നും സി കെ മണിശങ്കര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it