Kerala

പ്രണയ വിവാഹത്തെ പിന്തുണച്ചതിന് സിപിഐ പ്രവര്‍ത്തകനു നേരെ ആക്രമണം

സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌ക്കാരിക ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ ഉപദേശക ബോര്‍ഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്കു നേരെയാണ് ആക്രമണമുണ്ടായത്.

പ്രണയ വിവാഹത്തെ പിന്തുണച്ചതിന് സിപിഐ പ്രവര്‍ത്തകനു നേരെ ആക്രമണം
X

കോഴിക്കോട്: ഭാര്യാസഹോദരന്റെ പ്രണ വിവാഹത്തിന് പിന്തുണ നല്‍കിയതിന് യുവാവിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌ക്കാരിക ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ ഉപദേശക ബോര്‍ഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്കു നേരെയാണ് അക്രമമുണ്ടായത്.

ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച് ഹെല്‍മറ്റ് അഴിക്കാന്‍ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ റിനീഷ് രക്തത്തില്‍ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. ഗുരുതര റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ 21 തുന്നികെട്ടലുകള്‍ ഉണ്ട്.

പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷന്‍ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് റിനീഷ് വ്യക്തമാക്കി. ക്വട്ടേഷന്‍ നല്‍കിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരന്‍ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവരിപ്പോള്‍ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു.

സിപിഐ യുടെ സജീവ പ്രവര്‍ത്തകനും, റെഡ് യംഗ്‌സ് വെള്ളിമാടുകുന്നിന്റെ പ്രധാനിയുമായ ഒരാള്‍ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമത്തില്‍ സിപിഐ ചേവായൂര്‍ ലോക്കല്‍ കമ്മറ്റിയും സിപി നോര്‍ത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. അക്രമികള്‍ക്കും അതിനു പ്രേരിപ്പിച്ചവര്‍ക്കുമെതിരെ കൊലപാതക ശ്രമ കുറ്റം ചുമത്തണമെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് സിപിഐ കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ ചേവായൂര്‍ പോലിസിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it