Kerala

വീട് ജപ്തി ചെയ്തു; ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ

കോടതിവിധിയെ തുടര്‍ന്ന് തിങ്കളാഴ്ച സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ഇവര്‍ വീടിനു മുകളില്‍ കയറിയത്. പിന്നീട് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കി.

വീട് ജപ്തി ചെയ്തു; ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അയിരയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാഭീഷണിയുമായി വീടിനു മുകളില്‍ കയറിയത്.

കോടതിവിധിയെ തുടര്‍ന്ന് തിങ്കളാഴ്ച സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ഇവര്‍ വീടിനു മുകളില്‍ കയറിയത്. പിന്നീട് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കി.

എടുത്ത വായ്പാ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടുതലടച്ചിട്ടും ബാങ്കുകാര്‍ വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്നാണ് വിധവയായ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. ജപ്തിയില്‍ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി വിജയാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ഇതിനു ശേഷം ആറ് ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെല്‍വി പറയുന്നത്. എന്നാല്‍ ഇന്നലെ ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തു. നേരത്തെ സെല്‍വിയുടെ വീട് ജപ്തി ചെയ്യാന്‍ നീക്കമുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.

ആറ് ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചെങ്കിലും വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനു ശേഷം 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ നിരന്തരം നോട്ടീസ് അയച്ചു. ഇതിന് സെല്‍വി മറുപടി നല്‍കിയെങ്കിലും ബാങ്ക് അധികൃതര്‍ ചെവികൊണ്ടില്ല. ഇവിടെ ഇവര്‍ തനിച്ചാണ് താമസമെന്നാണ് ലഭിക്കുന്ന വിവരം. സെല്‍വിയുടെ ഭര്‍ത്താവ് കുറച്ചുനാളുകള്‍ക്ക് മുമ്പ് മരിച്ചു. മക്കള്‍ പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലാണുള്ളതെന്നാണ് സൂചന.

Next Story

RELATED STORIES

Share it