Kerala

ബീമാപള്ളി വെടിവയ്പ്പ്: നീതിനിഷേധത്തിന്റെ 11 വര്‍ഷങ്ങൾ

ഇരകളുടെ കുടുംബങ്ങളോടുള്ള ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ ജില്ലാക്കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

ബീമാപള്ളി വെടിവയ്പ്പ്: നീതിനിഷേധത്തിന്റെ 11 വര്‍ഷങ്ങൾ
X

തിരുവനന്തപുരം: ബീമാപള്ളിയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിരപരാധികളായ ആറ് മുസ്‌ലിംകളെ പോലിസ് വെടിവെച്ചു കൊന്നിട്ട് നാളേക്ക് 11 വര്‍ഷം പൂര്‍ത്തിയാവുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇരകളുടെ കുടുംബങ്ങളോടുള്ള ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ ജില്ലാക്കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരകളോട് നീതി കാണിക്കുക, കമ്മീഷൻ റിപോർട്ട് നിയമസഭയിൽ ചർച്ച ചെയ്യുക, കുറ്റക്കാരായ പോലിസുകാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നാളെ സമ്പൂർണ ലോക്ക് ഡൗണായതിനാലാണ് ഇന്ന് പ്രതിഷേധദിനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. നാളെ എല്ലാ വീടുകൾക്ക് മുന്നിലും പ്രവർത്തകർ കുടുംബസമേതം പ്രതിഷേധിക്കും.

പ്രതിഷേധദിനം സെക്രട്ടേറിയേറ്റിന് മുന്നിൽ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുൽ സലാം, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ ട്രഷറർ ജലീൽ കരമന, മാഹീൻ പരുത്തികുഴി, പൂന്തുറ സജീവ്, ഷംനാദ്, ആസാദ്, മുത്തലിബ് മൗലവി ബീമാപള്ളി, സുബൈർ ബീമാപള്ളി എന്നിവർ പങ്കെടുത്തു

2009 മെയ് 17നായിരുന്നു കേരളം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വെടിവയ്പ്പിന് ബീമാപള്ളി സാക്ഷിയായത്. കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപള്ളി പ്രദേശത്തു നടത്തിയ അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നത് ഒരു കൂട്ടം മുസ്‌ലിംകള്‍. ഷിബുവിനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ചതാണ് പോലിസ് വെടിവയ്പ്പിലെത്തിയത്. കൊമ്പ് ഷിബുവിന്റെ ഗുണ്ടാപിരിവിനെതിരെ നിശബ്ദത പാലിച്ച പോലിസ്, ജനങ്ങള്‍ സംഘടിച്ചതോടെ പൊടുന്നനെ പ്രവര്‍ത്തന നിരതമാവുകയും പിന്തിരിഞ്ഞോടിയ ബീമാപള്ളി നിവാസികള്‍ക്കെതിരേ നിഷ്ഠൂരമായി വെടിയുതിര്‍ക്കുകയുമായിരുന്നു.

70 റൗണ്ട് വെടിയുതിര്‍ത്ത പോലിസ് 40 റൗണ്ട് ഗ്രനേഡും പ്രയോഗിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 52 പേര്‍ക്കാണ് വെടിയേറ്റും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും ഓടിച്ചിട്ട് വെടിവെക്കുന്നതും ബയണറ്റു കൊണ്ടടിക്കുന്നതും മരിച്ചവരെ കടപ്പുറത്തുകൂടി വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോകളായി തന്നെ പുറത്തുവന്നിരുന്നു. മിക്കവരുടേയും പിറക് വശത്ത് അരക്ക് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. പോലിസ് നടപടിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവുകള്‍. ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത് പോലെ, പോലിസ് മാന്വലില്‍ പറയുന്ന വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയ നടപടികളൊന്നും പോലിസ് പാലിച്ചിരുന്നില്ല.

മരിച്ച ആറു പേര്‍ക്കു പുറമെ 52 പേര്‍ അരക്കുമീതെയും മറ്റും വെടിയേറ്റ് പരിക്കുപറ്റിയും ജീവഛവങ്ങളായി ജീവിക്കുന്നു. പോലിസിന്റെ കയ്യിലെ വെടിയുണ്ടകള്‍ തീര്‍ന്നു പോയതുകൊണ്ടാണ് മരണസംഖ്യ ഉയരാതിരുന്നത് എന്നതുകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് ബീമാപള്ളി വെടിവെപ്പും അതിനോട് കേരള സര്‍ക്കാറിന്റെയും പൊതുമണ്ഡലത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം നിലപാടുകളും മൗനവും ശ്രദ്ധേയമാവുന്നത്.

കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷണന്‍ അന്വേഷണം നടത്തി 2012 ജനുവരി 4 ന് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പോലിസുകാര്‍ക്കെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 2011 ഏപ്രിലില്‍ നല്‍കിയ ഹരജി നിരാകരിച്ചതിനെ തുടര്‍ന്ന് 2012ലും ഇതേ ആവശ്യവുമായി വീണ്ടും കോടതിയിലേത്തുകയുണ്ടായി. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു. 2012 ജനുവരി 4ന് അന്വഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2014 ജനുവരി 7ന് നിയമ സഭയില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. എന്നാല്‍ നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസത്തിനകം സഭയില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടി കൈക്കൊള്ളണമെന്ന ചട്ടമാണ് സര്‍ക്കാര്‍ ലംഘിച്ചത്.

Next Story

RELATED STORIES

Share it