Kerala

തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 50 ലക്ഷം രൂപയുടെ കഞ്ചാവ്

ലോഡ്ജില്‍നിന്നും ഇബ്രാഹിമിന്റെ കാറില്‍നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്തിക്കിട്ടിയ 75,000 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.

തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 50 ലക്ഷം രൂപയുടെ കഞ്ചാവ്
X

മലപ്പുറം: തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂര്‍ കോട്ടുകല്ലിങ്ങലിലെ നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പ്പന നടത്തിവന്ന തിരൂര്‍ കല്‍പകഞ്ചേരി കുറുകത്താണി സ്വദേശി അലന്‍ ഇബ്രാഹിമിന്റെ പക്കല്‍നിന്നാണ് 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷം രൂപയോളം അന്താരാഷ്ട്രവിപണിയില്‍ വിലയുണ്ട്. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ലോഡ്ജില്‍നിന്നും ഇബ്രാഹിമിന്റെ കാറില്‍നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്തിക്കിട്ടിയ 75,000 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേധാവി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി ആര്‍ മുകേഷ്‌കുമാര്‍, എസ് മധുസൂധനന്‍നായര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുബിന്‍, മുഹമ്മദലി, പ്രഭാകരന്‍ പള്ളത്ത്, ആര്‍ രാജേഷ്, ഷംനാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിദ, പ്രിവന്റീവ് ഓഫിസര്‍ കെ എം ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബിന്‍ ബി ലാല്‍, ടി എ യൂസഫ് എന്നിവര്‍ കേസില്‍ തുടരന്വേഷണം നടത്തും.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശില്‍നിന്ന് മലപ്പുറം സ്വദേശിയായ മുത്തു എന്ന ഫൈസല്‍ ഇബ്രാഹിം എന്നയാള്‍ മുഖാന്തരം പ്രദേശത്ത് കഞ്ചാവെത്തിച്ച് വാഹനങ്ങളിലായും ലോഡ്ജിലുമായി സൂക്ഷിച്ച 50 കിലോയോളം വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ ഒരുഭാഗം കഞ്ചാവ് കൊണ്ടുപോയി സൂക്ഷിച്ച റിസ്‌വാന്‍ എന്നയാളെയും പരപ്പനങ്ങാടിയില്‍നിന്ന് അറസ്റ്റുചെയ്തിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും സംയുക്തമായാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it