Kerala

കണ്ണൂരില്‍ വന്‍ ഹെറോയിന്‍ വേട്ട; ഫാറൂഖ് വധക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായാണ് കണ്ണൂര്‍ വെറ്റിലപ്പള്ളി അല്‍ അമീന്‍ ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുല്‍ റഊഫ് എന്ന കട്ട റഊഫ്(29), കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ എന്‍ മഷൂഖ്(25), വളപട്ടണം മന്ന മൂസ ക്വാര്‍ട്ടേഴ്‌സില്‍ ഷിബാസ് എന്ന ബാവ(24) എന്നിവരെ പിടികൂടിയത്

കണ്ണൂരില്‍ വന്‍ ഹെറോയിന്‍ വേട്ട; ഫാറൂഖ് വധക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
X

കണ്ണൂര്‍: നഗരത്തില്‍ ഹെറോയിന്‍ ശേഖരവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍. പഴയ ബസ് സ്റ്റാന്‍ഡില്‍ വില്‍പനയ്ക്കു കൊണ്ടുവന്ന വിപണിയില്‍ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായാണ് കണ്ണൂര്‍ വെറ്റിലപ്പള്ളി അല്‍ അമീന്‍ ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുല്‍ റഊഫ് എന്ന കട്ട റഊഫ്(29), കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ എന്‍ മഷൂഖ്(25), വളപട്ടണം മന്ന മൂസ ക്വാര്‍ട്ടേഴ്‌സില്‍ ഷിബാസ് എന്ന ബാവ(24) എന്നിവരെ പിടികൂടിയത്. ഇതില്‍ കട്ട റഊഫ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കുത്തിക്കൊലപ്പെടുത്തിയ കേസില് പ്രതിയാണ്. കണ്ണൂര്‍ ഡിവൈഎസ്പി കെ വി വേണുഗോപാലിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഉമേഷിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ മുംബെയില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ നിരവധി അക്രമക്കേസുകളിലും മറ്റും പ്രതിയായ റഊഫിനെ ഇതിനു മുമ്പും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പ് 8 കിലോ കഞ്ചാവുമായി കണ്ണൂര്‍ പ്രഭാത് ജങ്ഷനു സമീപത്തു നിന്ന് റഊഫിനെ അറസ്റ്റ് ചെയ്തിരുന്നു.


എടക്കാട് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് പോലിസും ആന്റി നാര്‍ക്കോട്ടിക് സെല്‍ അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മുംബൈയില്‍ നിന്നു മയക്കുമരുന്നുമായി പുറപ്പെട്ടതായി വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രി വിവിധയിടങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ പോലിസ് സംഘമെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാഹന പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ചെറിയ പൊതികളിലാക്കി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായതെന്നു പോലിസ് അറിയിച്ചു. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ രാജീവന്‍, എഎസ്‌ഐ മഹിജന്‍, മിഥുന്‍, സുബാഷ് എന്നിവരും കണ്ണൂര്‍ ടൗണ്‍ എസ്‌ഐ എന്‍ പ്രജീഷ് തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.




Next Story

RELATED STORIES

Share it