Kerala

അടൂരിനെതിരായ ഭീഷണി അപലപനീയം; പ്രസ്താവന പിന്‍വലിച്ച് ബിജെപി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

അടൂരിനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരികനായകര്‍ രംഗത്തുവന്നത്.

അടൂരിനെതിരായ ഭീഷണി അപലപനീയം; പ്രസ്താവന പിന്‍വലിച്ച് ബിജെപി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: മുസ്‌ലിംകളെയും ദലിതരെയും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ജയ് ശ്രീറാം നിര്‍ബന്ധമായി വിളിപ്പിക്കുകയും ചെയ്യുന്നതിനെതിരേ പ്രതികരിച്ച പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ഭീഷണിയുമായി ബിജെപി രംഗത്തെത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യയ്ക്കും കേരളത്തിനും നിരവധി അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള അടൂരിനെതിരെയാണ് ബിജെപി അസഹിഷ്ണുതയുടെ വാളോങ്ങിയത്. സാംസ്‌കാരികനായകര്‍ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ ബിജെപി തയ്യാറാവണമെന്ന് മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അടൂരിനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരികനായകര്‍ രംഗത്തുവന്നത്. ഇവരെയെല്ലാം ബിജെപി ചന്ദ്രനിലേക്ക് അയക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്നു പറയുന്ന ബിജെപി വക്താവ് ഏതോ മൂഢസ്വര്‍ഗത്തിലാണ്. ജനം എന്തിനാണ് വോട്ടുചെയ്തതെന്ന് പോലും അറിയാത്ത നിരക്ഷരരാണോ ബിജെപിക്കാര്‍.

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുപോലും ജയ് ശ്രീറാം വിളിയില്‍ അലങ്കോലപ്പെട്ടു. ഇതെല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തസ്സിനും നാളിതുവരെയുള്ള സഭയുടെ മഹത്തായ പാരമ്പര്യത്തിനും കീഴ്‌വഴക്കങ്ങള്‍ക്കുമെതിരാണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി നിര്‍ബന്ധിപ്പിച്ച് ജയ് വിളിപ്പിക്കുന്നത് മതനിരപേക്ഷ ബഹുസ്വരരാഷ്ട്രത്തിന് ചേര്‍ന്ന നടപടിയല്ല. അന്ധമായ മതചിന്ത അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത് കോണ്‍ഗ്രസിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it