Kerala

രാജ്യാന്തര ബ്‌ളൂ ഇക്കോണമി കോണ്‍ഫറന്‍സിന് കൊച്ചിയില്‍ തുടക്കം

ലോകവ്യാപകമായി കടലില്‍ നിന്നുള്ള മല്‍സ്യ ഉല്‍പാദനം കുറഞ്ഞുവരികയാണങ്കിലും ട്രോളിങ്ങ് നിരോധനം ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലൂടെയും അക്വാകള്‍ച്ചറിന്റെ വ്യാപനത്തിലൂടെയും സംസ്ഥാനത്തിന്റെ മല്‍സ്യ ഉല്‍പാദനം കഴിഞ്ഞ വര്ഷം 6.09 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

രാജ്യാന്തര ബ്‌ളൂ ഇക്കോണമി കോണ്‍ഫറന്‍സിന് കൊച്ചിയില്‍ തുടക്കം
X

കൊച്ചി :വികസത്തിന് പുതിയതലങ്ങല്‍ തുറന്ന് തരുന്ന ബ്‌ളൂ ഇക്കോണമി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മല്‍സ്യബന്ധന മേഖലയിലെ ചെറുകിടക്കാരെയും മല്‍സ്യവിപണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെയും ചെറുകിട മല്‍സ്യകര്‍ഷകരെയും കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ശാസ്ത്രസമൂഹത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആദ്യ ബ്‌ളൂ ഇക്കോണമി കോണ്‍ഫന്‍സ് - അക്വാബെ 2019 കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകവ്യാപകമായി കടലില്‍ നിന്നുള്ള മല്‍സ്യ ഉല്‍്പാദനം കുറഞ്ഞുവരികയാണങ്കിലും ട്രോളിങ്ങ് നിരോധനം ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലൂടെയും അക്വാകള്‍ച്ചറിന്റെ വ്യാപനത്തിലൂടെയും സംസ്ഥാനത്തിന്റെ മല്‍സ്യ ഉല്‍പാദനം കഴിഞ്ഞ വര്ഷം 6.09 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

2016-17 ല്‍ ഇത് 4.88 ലക്ഷം ടണ്ണായിരുന്നു. ബ്‌ളൂ ഇക്കോണമി പദ്ധതികള്‍ നടപ്പിലാക്കുന്നതീലൂടെ മല്‍സ്യ ഉല്‍പാദനം ഇനിയും ഉയരും. കേരളത്തിന് ബ്‌ളൂ ഇക്കോണമിയില്‍ വലിയ സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.അയോറ സെക്രട്ടറി ജനറല്‍ ഡോ. നോംവുയോ എന്‍ നോക് വെ മുഖ്യപ്രഭാഷണം നടത്തി. ലോക സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ച ഇനി ബ്‌ളൂ ഇക്കോണമിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ഡോ. നോംവുയോ എന്‍ നോക് വെ പറഞ്ഞു. ഈ പ്രക്രിയയില്‍ അംഗരാജ്യങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് അയോറ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ അധ്യക്ഷ വഹിച്ചു. വിദേശകാര്യ ജോയിന്റ് സെക്രട്ടറി വിക്രം കെ ദൊരൈ സ്വാമി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായര്‍, ഇകോയിസ് ഡയറക്ടര്‍ ഡോ.സി എസ് ഷേണായി, എത്യോപ്യയിലെ ഹസ്സാവ യൂനിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ഡോ.ഫിസിഹ ഗെറ്റാച്യു ആര്‍ഗ, നെതര്‍ലാന്റ്‌സ് ഡെല്‍റ്റ് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ.ബെര്‍ട്ട് എന്‍സേരിനിക് ചടങ്ങില്‍ പങ്കെടുത്തു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് കുഫോസ് നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സിന്റെ പഠന റിപോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷന്റെയും ( അയോറ) ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയാണ് (കുഫോസ്) മൂന്ന് ദിവസത്തെ ബ്‌ളൂ ഇക്കോണമി കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത്. സമുദ്രത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും ശാസ്ത്രീയ ചൂഷണത്തിലൂടെ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകതയും അതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വളര്‍ച്ചക്ക് അടിത്തറയാവുകയും ചെയ്യുക എന്നതാണ് ബ്‌ളൂ ഇക്കോണമിയുടെ അടിസ്ഥാനം. ഇന്ത്യയിലെ ആദ്യത്തെ ബ്ളൂ ഇക്കോണമി കോണ്‍ഫറന്‍സാണ് ഇത്. 28 രാജ്യങ്ങളില്‍ നിന്നായി 400 ഓളം ഗവേഷകകരും ആസൂത്രണ വിദഗ്ദരും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ബ്‌ളൂ ഇക്കോണമി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യ ഫിഷറീസ്-സമുദ്രശാസ്ത്ര പ്രദര്‍ശനം അയോറ സെക്രട്ടറി ജനറല്‍ ഡോ. നോംവുയോ എന്‍ നോക് വെ ഉദ്ഘാടനം ചെയ്തു. ഫിഷറീസ്-സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന 35 ദേശിയ സ്ഥാപനങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. കോണ്‍ഫറന്‍സ് ശനിയാഴ്ച സമാപിക്കും.

Next Story

RELATED STORIES

Share it