Kerala

പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍; കേരളത്തിലെ ആദ്യ കൊവിഡ് വിമുക്ത ലൈബ്രറിയാവാന്‍ സഹൃദയ

അഞ്ചുമിനിറ്റിനുള്ളില്‍ 50 ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്.

പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍; കേരളത്തിലെ ആദ്യ കൊവിഡ് വിമുക്ത ലൈബ്രറിയാവാന്‍ സഹൃദയ
X

മാള (തൃശൂര്‍): പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍ സംവിധാനവുമായി കേരളത്തിലെ ആദ്യ കൊവിഡ് വിമുക്ത ലൈബ്രറിയാവാന്‍ സഹൃദയ എന്‍ജിനീയറിങ് കോളജ്. കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സമയമാണിത്. കടലാസിലും പുസ്തകങ്ങളിലും നാലുമണിക്കൂര്‍ മുതല്‍ അഞ്ചുദിവസംവരെ കൊവിഡ് 19 വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുസ്തകങ്ങള്‍ സാനിറ്റൈസറുകളോ മറ്റ് രാസലായനികളോ മറ്റ് രീതികളൊ ഉപയോഗിച്ച് അണുനശീകരണം നടത്താനാവാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളിയാണ്.

എന്നാല്‍, പുസ്തകങ്ങള്‍ അണുനശീകരണം നടത്താനുള്ള പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ്. ബുക്ക് ഡിസിന്‍ഫെക്ടര്‍ എന്ന ഈ ഉപകരണം യുവിസി സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയംകൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കാനാവും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളോ പുറപ്പെടുവിക്കുന്നില്ല. സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്.

അഞ്ചുമിനിറ്റിനുള്ളില്‍ 50 ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച് കൊവിഡ് 19, സാര്‍സ്, മെര്‍സ്, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്‌ളുവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളെയും ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെയും നശിപ്പിക്കാനാവും. സഹൃദയ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്ടര്‍ വികസിപ്പിച്ചത്.

50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൈബ്രറിയിലെ പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി കേരളത്തിലെ ആദ്യത്തെ കൊവിഡ് വിമുക്ത ലൈബ്രറി ആകാനൊരുങ്ങുകയാണ് സഹൃദയ ലൈബ്രറി. ബുക്ക് ഡിസിന്‍ഫെക്ടര്‍ ഉപയോഗിച്ച് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഹൃദയ ലൈബ്രറിയുടെ പ്രവര്‍ത്തനം. ബുക്ക് ഡിസിന്‍ഫെക്ടര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നാളെ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it