Kerala

റോഡില്‍ മനുഷ്യന്റെ കാല്‍; മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

ഷിബുവിന്റെ വീടിനു സമീപത്തുകൂടി പോകുന്ന താഴെ പാങ്ങോട്-പുലിപ്പാറ റോഡിൽ പട്ടി കടിച്ചുകീറിയ നിലയിലാണ് കാൽ കണ്ടത്.

റോഡില്‍ മനുഷ്യന്റെ കാല്‍; മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
X

തിരുവനന്തപുരം: പാങ്ങോട് പുലിപ്പാറ പരയ്ക്കാട്ടെ കോളനിയിലെ വീടിനുള്ളിൽ രണ്ടു ദിവസത്തോളം പഴക്കമുള്ള കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഈ വീട്ടിലെ താമസക്കാരനായ ഷിബു(39)വിന്റെ മൃതദേഹമാണെന്നാണ് പോലിസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ കാൽ പട്ടി കടിച്ചുവലിച്ച് റോഡിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഷിബുവിന്റെ വീടിനു സമീപത്തുകൂടി പോകുന്ന താഴെ പാങ്ങോട്-പുലിപ്പാറ റോഡിൽ പട്ടി കടിച്ചുകീറിയ നിലയിലാണ് കാൽ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലിസെത്തി അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു പരിശോധന നടത്തി.

പരേതനായ സുധാകരന്റെയും സുധയുടെയും മകനായ ഷിബു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കൊപ്പം കുറച്ചു ദിവസം മുമ്പ് ഒരു കൊലക്കേസ് പ്രതി താമസിച്ചിരുന്നതായും അയാളെ പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഷിബു അവിവാഹിതനാണ്. അച്ഛൻ മരിച്ചതോടെ അമ്മ ബന്ധുക്കളുടെ കൂടെയാണ് താമസം. മൃതദേഹത്തിന്റെ കൈയിൽ കെട്ടിയിരുന്ന ചരട് നാട്ടുകാരും ബന്ധുക്കളും തിരിച്ചറിഞ്ഞതിനാലാണ് മരിച്ചത് ഷിബുവാണെന്ന് പോലിസ് അനുമാനിക്കുന്നത്.

Next Story

RELATED STORIES

Share it