Kerala

കാന്‍സര്‍ തുടര്‍ ചികിത്സയ്ക്ക്‌ ജില്ലകളില്‍ സൗകര്യം ഏര്‍പ്പെടുത്തി

ദിവസവും അറുപതോളം രോഗികളും അവരുടെ ഒപ്പമുള്ളവരും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന്‌ തുടര്‍ ചികിത്സയ്ക്കായി ആർസിസിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്‌.

കാന്‍സര്‍ തുടര്‍ ചികിത്സയ്ക്ക്‌ ജില്ലകളില്‍ സൗകര്യം ഏര്‍പ്പെടുത്തി
X

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ തുടര്‍ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഈ രോഗികള്‍ക്ക്‌ തങ്ങള്‍ക്ക്‌ ഏറ്റവും അടുത്തായിവരുന്ന ആശുപത്രികളില്‍ നിന്നും തുടര്‍ചികിത്സാ സേവനം നേടാമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി മരുന്ന്‌ ഉള്‍പ്പെടെയുള്ളവയും ഡോക്ടർമാരെയും സജ്ജരാക്കിയിട്ടുണ്ട്‌.

രോഗികളുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ കലക്ടര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ ദിവസവും അറുപതോളം രോഗികളും അവരുടെ ഒപ്പമുള്ളവരും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന്‌ തുടര്‍ ചികിത്സയ്ക്കായി ആർസിസിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്‌. വിവിധ ടെസ്റ്റുകള്‍ക്കായി ഇവര്‍ക്ക്‌ രണ്ടുമൂന്നു ദിവസം തങ്ങേണ്ട സാഹചര്യവുമുണ്ട്‌. നിലവില്‍ ആര്‍സിസിക്കുള്ളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നവരുടെയും തുടര്‍ ചികിത്സ വേണ്ടവരുടെയും ആരോഗ്യ പരിരക്ഷ കൂടി പരിഗണിച്ചാണ്‌ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയുടെ പട്ടിക ചുവടെ (ജില്ല, ആശുപത്രി എന്ന ക്രമത്തില്‍): തിരുവനന്തപുരം - ജനറല്‍ ആശുപത്രി, കൊല്ലം - ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക്‌ ആശുപത്രി, പത്തനംതിട്ട - ജില്ലാ ആശുപത്രി കോഴഞ്ചേരി, ആലപ്പുഴ - ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം - ജനറല്‍ ആശുപത്രി പാലാ, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി - ജില്ലാ ആശുപത്രി തൊടുപുഴ, എറണാകുളം - ജനറല്‍ ആശുപത്രി എറണാകുളം, ജനറല്‍ ആശുപത്രി മൂവാറ്റുപുഴ, തൃശ്ശൂർ - ജനറല്‍ ആശുപത്രി തൃശ്ശൂർ, പാലക്കാട്‌ - ജില്ലാ ആശുപത്രി പാലക്കാട്‌, താലൂക്ക്‌ ആശുപത്രി ഒറ്റപ്പാലം, ഇസിഡിസി കഞ്ചിക്കോട്‌, മലപ്പുറം - ജില്ലാ ആശുപത്രി തിരൂർ, ജില്ലാ ആശുപത്രി നിലമ്പൂർ, കോഴിക്കോട്‌ - ബീച്ച്‌ ആശുപത്രി, വയനാട്‌ - ട്രൈബല്‍ ആശുപത്രി, കണ്ണൂർ - ജില്ലാ ആശുപത്രി കണ്ണൂർ, ജനറല്‍ ആശുപത്രി തലശ്ശേരി, കാസര്‍ഗോഡ്‌ - ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്‌.

Next Story

RELATED STORIES

Share it