Kerala

ജില്ലാ ആശുപത്രിയില്‍ പ്രത്യേക സൗകര്യം; കാന്‍സര്‍ ചികില്‍സ ഇനി കന്യാകുമാരിയിലും

കന്യാകുമാരിയിലും സമീപജില്ലകളില്‍നിന്നും 560 പേരാണ് ആര്‍സിസിയില്‍ ചികില്‍സയിലുള്ളത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണവും രോഗപ്പകര്‍ച്ച കാരണവും ഇവര്‍ക്ക് അതിര്‍ത്തികടന്ന് ചികില്‍സതേടാന്‍ കഴിയില്ല.

ജില്ലാ ആശുപത്രിയില്‍ പ്രത്യേക സൗകര്യം; കാന്‍സര്‍ ചികില്‍സ ഇനി കന്യാകുമാരിയിലും
X

തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലാ ആശുപത്രിയെ കാന്‍സര്‍ ചികില്‍സാകേന്ദ്രമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍സിസിയുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികില്‍സാ കേന്ദ്രമാക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികില്‍സാകേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികില്‍സാകേന്ദ്രം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികള്‍ക്ക് ഇതേറെ ആശ്വാസകരമാവും.

കന്യാകുമാരിയിലും സമീപജില്ലകളില്‍നിന്നും 560 പേരാണ് ആര്‍സിസിയില്‍ ചികില്‍സയിലുള്ളത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണവും രോഗപ്പകര്‍ച്ച കാരണവും ഇവര്‍ക്ക് അതിര്‍ത്തികടന്ന് ചികില്‍സതേടാന്‍ കഴിയില്ല. ഇവര്‍ക്ക് മതിയായ ചികില്‍സാസൗകര്യം ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സംസ്ഥാന ആരോഗ്യവകുപ്പ് തമിഴ്നാട് ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തിയാണ് അന്തിമതീരുമാനമെടുത്തത്. ആര്‍സിസിയില്‍ ചികില്‍സയിലുള്ള തമിഴ്നാട്ടിലെ രോഗികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികില്‍സാവിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞുകൊടുത്താണ് ചികില്‍സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികില്‍സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും. രോഗപ്രതിരോധശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്രചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികില്‍സാസൗകര്യമൊരുക്കിയത്. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികില്‍സാസൗകര്യങ്ങളൊരുക്കിയത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇസിഡിസി കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികില്‍സയ്ക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ഈ 22 കേന്ദ്രങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍സിസിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് നിരവധി രോഗികള്‍ക്ക് ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയും മറ്റ് അനുബന്ധ ചികില്‍സയും ലഭിച്ചുവരുന്നുണ്ട്.

Next Story

RELATED STORIES

Share it