Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷം; ചര്‍ച്ചയ്ക്കിടെ ശ്രേയാംസ്‌കുമാര്‍ ഇറങ്ങിപ്പോയി

മുന്‍ മന്ത്രി കെ പി മോഹനനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മോഹനന്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായെന്നാണ് വിമര്‍ശനം. ശ്രേയാംസ്‌കുമാര്‍ തന്നെയാണ് മോഹനനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷം; ചര്‍ച്ചയ്ക്കിടെ ശ്രേയാംസ്‌കുമാര്‍ ഇറങ്ങിപ്പോയി
X

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷമാവുന്നു. സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍ ഇറങ്ങിപ്പോയി. മുന്‍ മന്ത്രി കെ പി മോഹനനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മോഹനന്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായെന്നാണ് വിമര്‍ശനം. ശ്രേയാംസ്‌കുമാര്‍ തന്നെയാണ് മോഹനനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചത്. കെ പി മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മമേത്ത് ചന്ദ്രനും മുന്നണി മാറ്റത്തിന് തടസ്സം നിന്നു. അതുകൊണ്ടാണ് പാര്‍ട്ടിക്ക് കാര്യമായ പരിഗണന മുന്നണിയില്‍നിന്നും ലഭിക്കാതെ പോയതെന്നുമുള്ള വിമര്‍ശനമാണ് ശ്രേയാംസ് കുമാര്‍ ഉന്നയിച്ചത്.

നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ എല്‍ജെഡിക്ക് എട്ടുസീറ്റുകള്‍ ലഭിച്ചിരുന്നു. പിന്നീട് യുഡിഎഫിലേക്ക് പോയപ്പോള്‍ ഏഴുസീറ്റുകളിലാണ് മല്‍സരിക്കാന്‍ കഴിഞ്ഞത്. തിരിച്ച് എല്‍ഡിഎഫിലെത്തിയപ്പോള്‍ ഇത്തവണ മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതാണ് ശ്രേയാംസ് കുമാറിനെ ചൊടിപ്പിച്ചത്. കൂത്തുപറമ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മോഹനന്‍ പ്രചാരണം തുടങ്ങിയതിനെ യോഗത്തില്‍ പലരും വിമര്‍ശിച്ചു. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശ്രേയാംസ് കുമാര്‍ ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍, തീരുമാനങ്ങള്‍ ഏകപക്ഷീയമായി സ്വീകരിക്കുകയാണെങ്കില്‍ തനിക്ക് ചര്‍ച്ചയുടെ ഭാഗമാവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് യോഗത്തില്‍നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ യോഗത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.

കല്‍പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലാണ് എല്‍ഡിഎഫ് ഘടകകക്ഷിയായി എല്‍ജെഡി ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഈ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്നത്. വടകര സീറ്റില്‍ മനേത്ത് ചന്ദ്രനും പ്രേംനാഥും അടക്കം ഒന്നിലധികം ആളുകള്‍ അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. കൂത്തുപറമ്പില്‍ കെ പി മോഹനന്‍ സ്ഥാനാര്‍ഥിത്വം ഏറക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഇവിടെയും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ശ്രേയാംസ്‌കുമാര്‍ മല്‍സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം തന്നെ കല്‍പറ്റയിവല്‍ മല്‍സരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതിയില്‍ ഉയരുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍വെച്ച് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it