Kerala

പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് കേരളം; രാജ്യത്ത് ആദ്യം

കര്‍ഷകന് ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക.

പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് കേരളം; രാജ്യത്ത് ആദ്യം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 16 ഇനങ്ങള്‍ക്കാണ് തറവില ലഭ്യമാക്കുക. നവംബര്‍ ഒന്നിന് തറവില നിലവില്‍ വരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറി കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ ഒരു ആശ്വാസ നടപടി സ്വീകരിക്കുന്നതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേന്ത്രക്കായ, ഉരുളക്കിഴങ്ങ്, കാരറ്റ്, മരച്ചീനി, വെണ്ട, കുമ്പളങ്ങ, പാവയ്ക്ക, തക്കാളി, കൈതച്ചക്ക, വെളുത്തുള്ളി, പടവലം, വെള്ളരി, കാബേജ്, ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ തറവില ലഭ്യമാക്കുക. കര്‍ഷകന് ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക.


വിപണിവില നിശ്ചിത വിലയെക്കാള്‍ കുറഞ്ഞാല്‍ വിള കൃഷി വകുപ്പ് സംഭരിച്ച് തറവില കര്‍ഷകന്റെ അക്കൗണ്ടില്‍ നല്‍കും. കാലാകാലം തറവില പുതുക്കാനും വ്യവസ്ഥയുണ്ട്. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് തറവില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പുവരുത്താന്‍ സംഭരണ വേളയില്‍ തന്നെ ഗ്രേഡിങ് നിശ്ചയിക്കും. കൃഷിവകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സഹകരണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകര്‍ വിള ഇന്‍ഷുര്‍ ചെയ്ത ശേഷം കൃഷി വകുന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് തല്‍ക്കാലം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സംഭരിക്കുന്ന പച്ചക്കറികള്‍ കൃഷിവകുപ്പിന്റെ വിപണികള്‍ വഴിയും പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വിറ്റഴിക്കും. സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനം വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നെല്‍കൃഷി വര്‍ദ്ധിച്ചിട്ടുണ്ടെന്നും പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 14.72 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it