Kerala

കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന വാദം; ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചേക്കും

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന വാദം; ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചേക്കും
X

തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ മണ്ണുവാരി തിന്നെന്ന പരാമര്‍ശം നടത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്പി ദീപക് രാജിവച്ചേക്കും. കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ വിശപ്പുമൂലം മണ്ണു വാരി തിന്നുവെന്ന ദീപക്കിന്റെ പരാമര്‍ശമാണു രാജിക്കു കാരണമാവുന്നത്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ദീപക്കിനോടു വിശദീകരണം തേടണമെന്നു പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരേ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലിന് പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികള്‍ക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെ കണ്ടെത്തലുകളെ അംഗീകരിക്കുന്ന നിലപാടുമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിരുന്നു.

കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ മണ്ണു തിന്നു എന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്പി ദീപക് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. വിഷയം വളച്ചൊടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതില്‍ പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തില്‍ മണ്ണ് തിന്നല്‍ വിവാദത്തില്‍ നിന്നും മാധ്യമങ്ങള്‍ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിവാദങ്ങള്‍ ഒഴിവാകുമെന്ന് ദീപക് കരുതിയെങ്കിലും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദീപക്കിനെതിരേ നടപടി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറായത്.

Next Story

RELATED STORIES

Share it