Kerala

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം:  ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കോഴിക്കോട്: അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ മുസ്‌ലിം ജിഹാദികള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുകയാണെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സംഘപരിവാറിന് വംശീയ ഉന്‍മൂലനത്തിന് മണ്ണൊരുക്കാന്‍ കരുതിയുള്ളതാണെന്നും ഗുരുതരമായ സാമുഹിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു ബിഷപ്പിന്റെ നിലവാരത്തില്‍നിന്ന് മാറി സംഘപരിവാര്‍ കാര്യാലയത്തില്‍നിന്നുള്ള കുറിപ്പടി വായിക്കുന്നതുപോലുള്ള സ്വരം ക്രൈസ്തവ സംസ്‌കാരത്തെയും ആദരണീയ പുരോഹിതന്‍മാരെയും അവമതിക്കുന്നതും രാജ്യത്തെ അപകടപ്പെടുത്തുന്നതുമാണ്. ആര്‍എസ്എസ് തീവ്രവാദികള്‍ കഴിഞ്ഞദിവസം പോലും ക്രൈസ്തവ മിഷണറി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ട സംഭവങ്ങളുണ്ട്. ഈ സമയത്ത് മതന്യൂനപക്ഷങ്ങളും പിന്നാക്ക ദലിത് വിഭാഗങ്ങളും രാജ്യത്തിന്റെ രക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്.

എന്നാല്‍, പാലാ ബിഷപ്പിനെ പോലുള്ള വര്‍ഗീയവാദികള്‍ ആര്‍എസ്എസ്സിന് പാദസേവ ചെയ്ത് സ്വാര്‍ഥതാല്‍പര്യങ്ങള്‍ സാധിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ക്രൈസ്തവ സമൂഹത്തിനും രാജ്യത്തിനും അപമാനമാണെന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തണം. സംഘപരിവാര തല്‍പരരായ ബിഷപ്പുമാരെ ഒറ്റപ്പെടുത്താന്‍ ക്രൈസ്തവ സമൂഹം മുന്നോട്ടുവരണം. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന രണോല്‍സുക ഹിന്ദുത്വത്തിനെതിരേ എല്ലാ വിഭാഗം മതാധ്യക്ഷന്‍മാരും പിന്നാക്ക വിഭാഗങ്ങളും കൈകോര്‍ത്ത് ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണ സംരംഭങ്ങള്‍ രൂപീകരിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.

മതസ്പര്‍ധ വളര്‍ത്തുന്ന പാലാ ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി കാത്തിരിക്കുകയാണ് മതേതര കേരളമെന്നതും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ ടി അബ്ദുറഹ്മാന്‍ ബാഖവി, വി എം ഫതഹുദ്ദീന്‍ റഷാദി, അര്‍ഷദ് മുഹമ്മദ് നദ്‌വി, എം ഇ എം അഷ്‌റഫ് ഖാസിമി, കെ കെ മജീദ് ഖാസിമി, സലിം ഖാസിമി, അഫ്‌സല്‍ ഖാസിമി, നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it