Kerala

ഡിവൈഎഫ്‌ഐയുടെ ഊരുവിലക്ക്: കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

സുരക്ഷ ഉറപ്പാക്കിയാല്‍ വീടുകളിലേക്കു മടങ്ങാന്‍ തയ്യാറാണെന്നു പള്ളിയില്‍ കഴിയുന്ന കുടുംബങ്ങള്‍ അറിയിച്ചു.

ഡിവൈഎഫ്‌ഐയുടെ ഊരുവിലക്ക്: കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
X






കോട്ടയം: പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് എസ്പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷം. പരുത്തുംപാറ കവലയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രാവിലെ 11 മണിയോടെ എസ്പി ഓഫിസിന് സമീപം മാര്‍ച്ച് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഒന്നരയോടെയാണ് മാര്‍ച്ച് എത്തിച്ചേര്‍ന്നത്. കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് സമീപം പോലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധര്‍ണ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പാണ് സംഘര്‍ഷമുണ്ടായത്. വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലിസ് ലാത്തിവീശുകയും ചെയ്തു. സംഘര്‍ഷത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ പ്രസാദ് വെട്ടിപ്പുറത്തിനും പരിക്കേറ്റിട്ടുണ്ട്. ഡിസംബര്‍ 23ന് രാത്രിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കരോള്‍ സംഘത്തെ ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. അക്രമിസംഘം പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയും അടിച്ചുതകര്‍ത്തിരുന്നു.

അക്രമത്തില്‍ ഭയന്ന കുട്ടികളും സ്ത്രീകളും അള്‍ത്താരയ്ക്കു പിന്നിലൊളിച്ചാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേരെ ചിങ്ങവനം പോലിസ് അറസ്റ്റുചെയ്തിരുന്നെങ്കിലും ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറി. തുടര്‍ന്ന് 6 കുടുംബത്തില്‍പ്പെട്ട 25 പേര്‍ക്ക് 12 ദിവസമായിട്ടും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. നിസാര വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തതിനാലാണ് ജാമ്യം ലഭിച്ചതെന്നാണ് അക്രമത്തിനിരയായവരുടെ ആരോപണം. സുരക്ഷ ഉറപ്പാക്കിയാല്‍ വീടുകളിലേക്കു മടങ്ങാന്‍ തയ്യാറാണെന്നു പള്ളിയില്‍ കഴിയുന്ന കുടുംബങ്ങള്‍ അറിയിച്ചു. കലക്ടര്‍ പി സുധീര്‍ ബാബുവിന്റെ നിര്‍ദേശ പ്രകാരം പള്ളിയില്‍ കഴിയുന്നവരെ സബ് കലക്ടര്‍ ഈശ പ്രിയ സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തി. ആക്രമണം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തില്‍ വീടുകളിലേക്കു മടങ്ങുന്നതു സുരക്ഷിതമല്ലെന്നു സംഘം സബ് കലക്ടറോടു പറഞ്ഞു. നിയമപരമായ നടപടിയെടുത്തെന്ന് ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ കലക്ടര്‍ക്കു റിപോര്‍ട്ടു നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ വൈകാതെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. പള്ളിയില്‍ താമസിക്കുന്ന കുട്ടികളില്‍നിന്ന് തെളിവെടുപ്പു നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കു സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it