Kerala

സിപിഐയ്‌ക്കെതിരായ വിവാദപരാമര്‍ശം; പി വി അന്‍വറിന് സിപിഎമ്മിന്റെ താക്കീത്

വിവാദപരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് പാര്‍ട്ടിയുടെ താക്കീത്. അന്‍വറിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.

സിപിഐയ്‌ക്കെതിരായ വിവാദപരാമര്‍ശം; പി വി അന്‍വറിന് സിപിഎമ്മിന്റെ താക്കീത്
X

മലപ്പുറം: സിപിഐയ്‌ക്കെതിരേ വിവാദപരാമര്‍ശം നടത്തിയ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിനെ സിപിഎം താക്കീത് ചെയ്തു. വിവാദപരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് പാര്‍ട്ടിയുടെ താക്കീത്. അന്‍വറിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വ്യക്തമാക്കി. അന്‍വറിന്റെ പ്രസ്താവനയോട് യോജിപ്പില്ല. ഇത് പാര്‍ട്ടിയുടെ അറിവോടെയോ നിര്‍ദേശപ്രകാരമോ അല്ല. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണുണ്ടായതെന്നും ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഐയ്‌ക്കെതിരേ അന്‍വര്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചത്. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിതുറന്നതോടെയാണ് വിവാദപരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിനെ അറിയിച്ചത്. മുസ്‌ലിം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു അന്‍വറിന്റെ വിവാദപരാമര്‍ശം.

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. വിവാദപ്രസ്താവനയില്‍ പ്രതിഷേധിച്ച് ജില്ലയിലുടനീളം എഐവൈഎഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് പി വി അന്‍വര്‍ പിന്നീട് പ്രതികരിച്ചു.

Next Story

RELATED STORIES

Share it