Kerala

നിയമസഭയിലെ ആക്രമണം; കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ തടസവാദം ഉന്നയിച്ചിരുന്നു.

നിയമസഭയിലെ ആക്രമണം; കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
X

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കേരള നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി വിശദീകരണം കേള്‍ക്കും.

കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകയും പ്രതികളുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് പ്രതികളുടെ അഭിഭാഷകര്‍ വാദം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷക എതിര്‍പ്പ് ഉന്നയിച്ചത്. കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് കോടതിയെ അറിയിക്കാനുളള ഉത്തരവാദിത്തം പ്രോസിക്യൂഷനാണെന്നും പ്രതികള്‍ക്ക് അതിനുളള അധികാരമില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക ബീന പറഞ്ഞിരുന്നു.

നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയും കോടതിയുടെ മുന്നിലുണ്ട്.

2015 മാർച്ച് 13ന് കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനാണ് സർക്കാർ അപേക്ഷ നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം.

അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവൻ എന്നിവർക്കെതിരെയാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്‌.

Next Story

RELATED STORIES

Share it