Kerala

കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2709 ആയി

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 242 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്

കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2709 ആയി
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വിടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2709 ആയി.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 242 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2709 ആയി. ഇതില്‍ 2605 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും,104 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

ഇന്ന് ജില്ലയില്‍ 4 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 2 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. നിലവില്‍ 24 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 14 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 3 പേര്‍ സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. ഇന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.

ഇന്ന് ജില്ലയില്‍ നിന്നും 36 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 30 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 114 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 23 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര്‍ നെടുമ്പാശ്ശേരിയിലാണ്.അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഇന്ന് 4 ക്യാമ്പുകള്‍ സന്ദര്‍ശിച്ച് 186 പേരെ പരിശോധിച്ചു. ഇതില്‍ ഒരാള്‍ക്ക് പനിയുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it