Kerala

രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് സാമൂഹവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്.

രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
X

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വരുംദിവസങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് സാമൂഹവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മണക്കാട്, ഐരാണിമുട്ടം ഭാഗങ്ങളില്‍ രോഗവ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തി പ്രാദേശികമായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും.

തീരദേശ മേഖലയിലെ സ്‌ക്രീനിങ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ലാബുകള്‍, തുടങ്ങിയവ പ്രയോജനപ്പെടുത്തും.

രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അത് വകവയ്ക്കാതെ പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഒഴിവാക്കണം.രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it