Kerala

വ്യാജമദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി

ശക്തമായ പരിശോധനയാണ് റൂറല്‍ ജില്ലയില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി നിരവധി കേസുകളാണ് സമീപ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

വ്യാജമദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി
X

കൊച്ചി: വ്യാജമദ്യ വില്‍പ്പനക്കെതിരെ ശക്തമായ നടപടിയുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. വ്യാജവാറ്റും മദ്യവില്‍പ്പനയും നടത്തുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ശക്തമായ പരിശോധനയാണ് റൂറല്‍ ജില്ലയില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി നിരവധി കേസുകളാണ് സമീപ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം നീലീശ്വരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും 15 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോലിസ് കണ്ടെടുത്തു.

നെടുമ്പാശേരിയില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും 12 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ തൊട്ടിക്കടവ് പുഴയോരത്ത് നിന്ന് 60 ലിറ്റര്‍ വാഷാണ് പിടികൂടിയത്. മുവാറ്റുപുഴയില്‍ കെട്ടിടത്തിനു മുകളില്‍ വ്യാജമദ്യം നിര്‍മ്മിക്കുകയായിരുന്ന 6 പേരെ പോലിസ് സാഹസികമായി പിടികൂടുകയായിരുന്നു . മുളന്തുരുത്തി ആമ്പല്ലൂരില്‍ 1 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി 3 പേരെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലത്ത് 20 ലിറ്റര്‍ വാഷ് പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. വരും ദിവസങ്ങിലും പരിശോധന തുടരുമെന്ന് എസ്പി അറിയിച്ചു

Next Story

RELATED STORIES

Share it